കാലിഫോർണിയ: 225 യാത്രക്കാരുമായി ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് നോൺ സ്റ്റോപ്പായി പറന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ പാസഞ്ചർ വാതിലിന് വിള്ളൽ കണ്ടതിനെ തുടർന്ന് സർവീസ് നിറുത്തി.

ബോയിംഗ് വിമാന കമ്പനിയുടെ 777 ലോംഗ് റേഞ്ച് വിമാനങ്ങളിൽ ഒന്നാണിത്. 16 മണിക്കൂറോളം 13000 കിലോമീറ്റർ തുടർച്ചയായി പറക്കേണ്ട വിമാനങ്ങൾ കാര്യക്ഷമമായി പരിശോധന നടത്തേണ്ടതിന്റെ ഉത്തരവാദിത്വം എയർ ഇന്ത്യയ്ക്കാണ്. പാസഞ്ചർ ഡോർ ലീക്ക് ചെയ്തിരുന്നെങ്കിൽ കാബിൻ പ്രഷർ നഷ്ടപ്പെട്ട് കടലിന് മീതേ പറക്കുന്ന വിമാനത്തിലെ യാത്രക്കാർ അപകടത്തിലാകുമായിരുന്നു.

എയർ ഇന്ത്യയ്ക്ക് 125 വിമാനങ്ങളാണ് നിലവിൽ സർവീസിൽ ഉള്ളത്. ഇതിൽ 76 എയർ ബസ് വിമാനങ്ങളും 49 ബോയിംഗ് വിമാനങ്ങളുമാണ്. വിമാനത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ രണ്ടാഴ്ച വരെ എടുത്തേക്കാമെന്നാണ് വിവരം.

അമേരിക്കയിൽ നിന്നുള്ള വിമാനയാത്ര അടുത്ത കാലത്തായി വളരെ പ്രയാസത്തിലാണെന്നു യാത്രക്കാർ പറയുന്നു. പാകിസ്ഥാൻ എയർ സ്പെയ്സ് നിരോധനം മൂലം എയർ ഇന്ത്യയുടെ ഡൽഹി - ചിക്കാഗോ, ഡൽഹി - ന്യൂയോർക്ക്, ഡൽഹി - സാൻഫ്രാൻസിസ്കോ, ഡൽഹി - വാഷിംഗ്ടൺ, മുംബയ് - ന്യൂയോർക്ക് വിമാനങ്ങൾ മണിക്കൂറുകൾ കൂടുതൽ പറക്കേണ്ടി വരുന്നു. പാകിസ്ഥാൻ എയർസ്പെയ്സ് നിരോധനം മൂലം യുണൈറ്റഡ് എയർലൈൻസ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ജൂലായ് 31 വരെ ഒഴിവാക്കിയിരിക്കുകയാണ്.