nipah

കോഴിക്കോട്: നിപ രണ്ടാമതുമെത്തിയിട്ടും കേരളത്തിൽ വൈറസ് എങ്ങനെ എത്തിയെന്നത് ഇപ്പോഴും അജ്ഞാതമാണ്. കോഴിക്കോട്ടെ പേരാമ്പ്ര ചങ്ങരോത്തിനടുത്തുള്ള സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്താണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന് എങ്ങനെ നിപ ബാധിച്ചുവെന്ന് ഇപ്പോഴും അജ്ഞാതമാണ്. 2018 മേയ് അഞ്ചിനാണ് സാബിത്ത് മരിച്ചത്.

മസ്‌തിഷ്‌ക ജ്വരമാണെന്ന ധാരണയിലായിരുന്നു ചികിത്സ. തുടർന്ന് മുഹമ്മദ് സാബിത്തിന്റെ മൂത്ത സഹോദരൻ സാലിഹ്, പിതാവിന്റെ സഹോദരി മറിയം, പിതാവ് മൂസ എന്നിവരും മരിച്ചു. തുടർന്ന് സാബിത്തിനെ പരിചരിച്ച നഴ്സ് ലിനിയും മരിച്ചു.

വവ്വാലുകളിൽ നിന്നാണ് നിപ വൈറസ് മനുഷ്യരിലേക്ക് പകരുന്നതെന്ന് വിദഗ്‌ദ്ധർ പറയുന്നുണ്ടെങ്കിലും എങ്ങനെ അത് സാബിത്തിലെത്തിയെന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥി അപകട നില തരണം ചെയ്‌തെന്നാണ് സൂചന. ഇദ്ദേഹം സുഖം പ്രാപിച്ചാൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ സാധിക്കും. ഇതോടെ വൈറസ് എങ്ങനെ ബാധിച്ചുവെന്നതിന് സൂചന ലഭിച്ചേക്കും.

കൂടുതൽ പേരിലേക്ക് വൈറസ് എത്തിയാലും കഴിഞ്ഞ തവണത്തെ പോലെ കൂടുതൽ മരണങ്ങൾ ഉണ്ടാവില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം നിപ ബാധിച്ച 23ൽ 21 പേരും മരിച്ചിരുന്നു.