ചെന്നൈ : തമിഴ് സാഹിത്യലോകത്തിനു വലിയ സംഭാവനകൾ നൽകിയ കവി സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും എഡ്യൂക്കേഷണൽ സർവീസ് കോർപറേഷനും ചേർന്നിറക്കിയ 12-ാം ക്ലാസ് പുസ്‌തകത്തിന്റെ കവർ ചിത്രത്തിലാണ് സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നൽകിയിരിക്കുന്നത്. സുബ്രഹ്മണ്യ ഭാരതിയുടെ ചിത്രങ്ങളിൽ സാധാരണ വെള്ളത്തലപ്പാവാണ് കാണാറ്.
വർണാഭമായ കവർപേജാണ് പുസ്തകത്തിനുള്ളത്. ഭാരതിയുടേതു കൂടാതെ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, ക്ഷേത്രങ്ങൾ എന്നിയാണ് കവർ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തലപ്പാവിന് കാവി നിറം നൽകിയതിനെതിരെ ഡി.എം.കെ പ്രതിഷേധം ആരംഭിച്ചു. കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡി.എം.കെ എം.എൽ.എയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നരസു ചോദിച്ചു.
എന്നാൽ ദുരുദ്ദേശ്യത്തോടെയല്ല ചിത്രം വരച്ചതെന്ന് പേജ് ഡിസൈൻ ചെയ്ത കതിർ അറുമുഖം പറഞ്ഞു. ദേശീയ പതാകയുടെ നിറങ്ങളാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. തലപ്പാവിന് നൽകിയിരിക്കുന്ന നിറം കാവിയല്ല ഓറഞ്ചാണെന്നും അദ്ദേഹം പറഞ്ഞു. കാവിവത്കരണത്തിനെതിരെ അദ്ധ്യാപകരടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.