മുംബയ്: കടുത്ത ചൂടാണോ, എന്നാൽ കാറിലാകെ ചാണകം മെഴുകിയേക്കാം. മുംബയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ് ദുദ്ഹലാണ് ചൂടിനെ പ്രതിരോധിക്കാൻ തന്റെ മഹീന്ദ്ര എസ്.യു.വി 500ൽ ചാണകം പൂശിയത്. കഴിഞ്ഞ ആഴ്ച ഗുജറാത്ത് സ്വദേശിനി സേജൽ ഷാ തന്റെ ടൊയോട്ട കൊറോള കാറിനെ ചാണകത്തിൽ പൊതിഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
'എ.സിയുടെ ഉപയോഗം കുറയ്ക്കാനും പ്രകൃതിക്ക് കൂടുതൽ കോട്ടമുണ്ടാക്കാതെ വാഹനം തണുപ്പിക്കാനുമാണ് ഇത്തരത്തിൽ ചാണകം പൂശിയത്. മൺവീടുകളിൽ ചൂടു കുറയ്ക്കാനായി ചാണകം പൂശുന്ന ആശയമാണ് കാറിലും പ്രയോഗിച്ചിരിക്കുന്നത്. '- ഡോക്ടർ നവനാദ് പറഞ്ഞു.
ഇതിനായി മൂന്നു കോട്ട് ചാണകം വാഹനത്തിൽ പൂശി. ഒരുമാസം ഈ കോട്ടിംഗ് നിൽക്കുമെന്നും കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രി വരെ കുറയ്ക്കുമെന്നുമാണ് ഡോക്ടറുടെ വാദം.
ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല. ദുർഗന്ധം കുറച്ചു സമയത്തിനു ശേഷം മാറും. ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഇതിനിടയിലാണ് ഈ പുതിയ രീതി കണ്ടെത്തിയതെന്നും ഡോക്ടർ നവനാദ് പറഞ്ഞു.