പാട്ന: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ ബീഹാറിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനെ വിമർശിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗാണ് പാസ്വാനെ വിമർശിച്ചു രംഗത്തെത്തിയത്. നവരാത്രിക്ക് എന്തുകൊണ്ട് ഇത്തരം പരിപാടികൾ നടത്തുന്നില്ലെന്നും മന്ത്രി ചോദിച്ചു.
എൻ.ഡി.എ നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്ത ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചാണു കേന്ദ്രമന്ത്രിയുടെ വിമർശനം. അതേസമയം ഗിരിരാജ് സിംഗിനെ ബി.ജെ.പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ താക്കീത് ചെയ്തു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിലാണ് ഗിരിരാജ് സിംഗിനും ഷാ താക്കീത് നൽകിയത്. വിരുന്നിൽ പങ്കെടുത്ത് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദിയെയും അമിത് ഷാ ശാസിച്ചിരുന്നു.
ഹിന്ദുക്കളുടെ മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാൻ എന്തിനാണു മടികാണിക്കുന്നതെന്നാണ് ഗിരിരാജ് സിംഗിന്റെ വിമർശനം. തിങ്കളാഴ്ചയാണു കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി നേതാവുമായ പാസ്വാൻ ഇഫ്താർ വിരുന്നൊരുക്കിയത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിയും പാസ്വാന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു.
നിതീഷ് കുമാർ, പാസ്വാൻ, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി എന്നിവരുടെ ചിത്രം പങ്കുവച്ചായിരുന്നു ഗിരിരാജ് സിംഗിന്റെ കമന്റ്. അതേസമയം ഗിരിരാജ് സിംഗിനെതിരെ ജനതാദൾ യുണെറ്റഡ് രംഗത്ത് എത്തി. ഗൗരവമായ ചട്ടലംഘനമാണ് കേന്ദ്രമന്ത്രി നടത്തിയതെന്നും അവർ കുറ്റപ്പെടുത്തി.