ന്യൂഡൽഹി:പതിമ്മൂന്ന് പേരുമായി അസാമിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് പറക്കുന്നതിനിടെ കാണാതായ, ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമ്മിത ആന്റനോവ് എ.എൻ 32ചരക്കുവിമാനത്തിനായി തിരച്ചിൽ ഊർജ്ജിതപ്പെടുത്തി.
പന്ത്രണ്ട് മണിക്കൂർ പിന്നിട്ടിട്ടും വിമാനത്തെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിട്ടല്ല. വിമാനം തകർന്ന് വീണെന്നും അരുണാചൽ പ്രദേശിലെ വെസ്റ്റ് സിയാങ്ങ് ജില്ലയിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നുമുള്ള റിപ്പോർട്ടുകളും വ്യോമസേനാ അധികൃതർ തള്ളി.
ജോഹട്ട്, മേചുക മേഖലകൾക്കിടയിലുള്ള നിബിഢ വനത്തിൽ വിമാനം വീണിരിക്കാമെന്നാണ് നിഗമനം. ഇലക്ട്രോ ഓപ്റ്റിക്കൽ സെൻസറുകൾ, ഇൻഫ്രാറെഡ് സെൻസറുകൾ തുടങ്ങിയവ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്. രണ്ട് എം.ഐ 17 വിമാനങ്ങളും നേവിയുടെ എ.പി -81 വിമാനവും രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
ഇരുണ്ട വനാന്തർഭാഗത്തെ തിരച്ചിൽ പ്രയാസമേറിയതാണെന്നും എ.പി -81 കാണാതായ വിമാനത്തിന്റെ എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററുകൾ കുറച്ചുദിവസത്തേക്ക് പ്രവർത്തിക്കും. പി-81ന്റെ റഡാറുകൾക്ക് ഈ സിഗ്നലുകൾ പിടിച്ചെടുക്കാനാകും.
വ്യോമസേന എ.എൻ-32, സി -130ജെ, എം.ഐ-17, സുഖോയ് പോർ വിമാനങ്ങളെയും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.
അരുണാചൽ പ്രദേശിലെ മെചുക എയർഫീൽഡിലേക്ക് പോവുന്നതിനിടെ അസമിലെ ജോർഹട്ടിൽ വച്ചാണ് വിമാനം കാണാതായത്. എട്ട് വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരും അടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
പത്ത് വർഷം മുമ്പ് 2009ൽ ജൂണിൽ എ.എൻ 32 വിമാനം കാണാതായ അതേ സ്ഥലത്താണ് ഇപ്പോഴത്തെ അപകടവും. അന്നും 13 പേർ വിമാനത്തിലുണ്ടായിരുന്നു.എല്ലാവരും
മരിച്ചു.
എ. എൻ അപകടങ്ങൾ
1986 മാർച്ച് 25: സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ വിമാനം ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനിടെ 7 യാത്രക്കാരുമായി കാണാതായി.
1990 ജൂലൈ 15: ചെന്നൈ– തിരുവനന്തപുരം യാത്രയ്ക്കിടെ പൊൻമുടി മലനിരകളിൽ വിമാനം വീണു. 5 പേരും മരിച്ചു.
2009 ജൂൺ 10: അരുണാചലിലെ മേചുക വ്യോമതാവളത്തിൽ നിന്ന് 13 പേരുമായി പറന്നുയർന്നയുടൻ തകർന്നുവീണു. മലയാളി വിംഗ് കമാൻഡർ കോഴിക്കോട് മടവൂർ പിള്ളാറുകണ്ടി ഷാജി ഉൾപ്പെടെ എല്ലാവരും മരിച്ചു.
2016 ജൂലൈ 22: ചെന്നൈ– ആൻഡമാൻ യാത്രയ്ക്കിടെ കാണാതായി. സേനാംഗങ്ങളടക്കം 29 പേരുണ്ടായിരുന്നു.