amit-sha-

ന്യൂഡൽഹി: കാശ്മീരിലെ ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരരുമായി സർക്കാർ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്നും അമിത് ഷാ പറഞ്ഞു. മുതിർന്ന മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരരുമായും അവരെ പിന്തുണയ്ക്കുന്നവരുമായും ഒരു ഒത്തു തീർപ്പിനുമില്ലെന്നും അമിത് ഷാ യോഗത്തിൽ വ്യക്തമാക്കി. ഇറാൻ എണ്ണ ഇറക്കുമതി പ്രശ്നത്തിൽ അമേരിക്കയുടെ നിലപാട് സംബന്ധിച്ച് വൈകിട്ട് അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ചർച്ച ചെയ്തു. ധനമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തുമായും അമിത് ഷാ ചർച്ച നടത്തി.

അതേസമയം എല്ലാ ഗവർണർമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന നീതി ആയോഗ് ഭരണസമിതി യോഗം 15ന് ചേരും. ലോക്സഭാ സ്പീക്കറെ കുറിച്ചുള്ള ചർച്ചയും പാർട്ടിയിൽ തുടരുകയാണ്. മേനക ഗാന്ധിയുടെ പേര് പ്രോട്ടെം സ്പീക്കറുടെ സ്ഥാനത്തേക്കും എസ്. എസ്.അലുവാലിയ, രാധാമോഹൻ സിംഗ്, ജുവൽ ഓറം തുടങ്ങിയവരുടെ പേരുകൾ സ്പീക്കർ സ്ഥാനത്തേക്കും ഉയർന്നുകേൾക്കുന്നുണ്ട്.