nipah

കൊച്ചി: നിപ വൈറസ് രോഗബാധയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് മൂന്ന് പേർക്കെതിരെ കേസ് എടുത്തത്. സന്തോഷ്‌ അറക്കൽ, മുസ്തഫ മുത്തു, അബു സല എന്നിവർക്കെതിരെയാണ് കേസ്.

ഇവർ ഫേസ്ബുക്ക്‌ വഴി വ്യാജ പ്രചരണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങൾ നടത്തി വരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.