സൗത്താംപ്ടൺ: നൂറ്റിമുപ്പത്തിയഞ്ച് കോടി ജനതയുടെ പ്രാർത്ഥനകൾ ഹൃദയത്തിലാവാഹിച്ച് ടീം ഇന്ത്യ ഇന്ന് ഏകദിന ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. മുപ്പത്തിയാറ് വർഷങ്ങൾക്ക് മുൻപ് ലോർഡ്സിൽ കപിലിന്റെ ചെകുത്താൻമാർ ലോകകപ്പുയർത്തിയ സുവർണ ചരിത്രം വീണ്ടും ആവർത്തിക്കാമെന്ന പ്രതീക്ഷയിലെത്തിയിരിക്കുന്ന കൊഹ്ലിക്കും സംഘത്തിനും ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളിയാണ് ആദ്യ മത്സരത്തിൽ നേരിടാനുള്ളത്.
സൗത്താംപ്ടണിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മുതലാണ് പോരാട്ടം. ടൂർണമെന്റിൽ ഏറ്രവും താമസിച്ച് ആദ്യ മത്സരത്തിനിറങ്ങുന്ന ടീമാണ് ഇന്ത്യ. മറ്ര് ടീമുകളെല്ലാം ഒരു മത്സരമെങ്കിലും കളിച്ച് കഴിഞ്ഞവരാണ്. അതേ സമയം ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരുന്ന മത്സരം മഴകൊണ്ടുപോകുമോയെന്ന പേടിയും നിലനിൽക്കുന്നുണ്ട്. സൗത്താംപ്ടണിൽ ഇന്ന് മഴപെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടുകളുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ന് വിജയത്തോടെ തുടങ്ങി ലോകകിരീടത്തിലേക്കുള്ള യാത്ര സുഗമമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മറുവശത്ത് കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയിച്ചേതീരു. പ്രധാന താരങ്ങൾക്ക് പരിക്കേറ്രത് കളിക്കാനിറങ്ങുന്നതിന് മുന്നേ അവർക്ക് തിരിച്ചടിയായി.
പ്രതീക്ഷയോടെ ഇന്ത്യ
ഐ.പി.എൽ തിരക്കുകൾക്ക് ശേഷം നല്ല വിശ്രമത്തിന് ശേഷമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ടീമംഗങ്ങൾക്കാർക്കും പരിക്കിന്റെ ഭീഷണിയില്ല എന്നത് പ്ലസ് പോയിന്റാണ്. പരിക്കുണ്ടായിരുന്ന കേദാർ ജാദവ് നെറ്റ്സിൽ ഏറെ നേരം പ്രാക്ടീസ് ചെയ്തത് ഇന്ത്യയ്ക് ശുഭ സൂചനയാണ്. ബാറ്രിംഗിലും ബൗളിംഗിലും കരുത്തുറ്ര സംഘമാണ് ഇന്ത്യയുടേത്. ഇംഗ്ലണ്ടിലെ സാഹചര്യം പരിഗണിച്ച് ഇന്ന് മൂന്ന് പേസർമാർ കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബുംറ, ഷമി, ഭുവനേശ്വർ എന്നിവർ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. ഇവർക്കൊപ്പം പേസ് ആൾറഔണ്ടർ ഹാർദ്ദിക് പാണ്ഡ്യ കൂടിചേരുമ്പോൾ ഇന്ത്യൻ പേസ് നിര അതി ശക്തമാകും. ലോകത്തെ ഒന്നാം നമ്പർ ഏകദിന ബൗളറായ ബുംറയും സ്വിംഗിന്റെ ആശാനായ ഭുവനേശ്വറും ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ ഏറെ മിടുക്കുള്ളവരാണ്.
മൂന്ന് പേസർമാർ കളിച്ചാൽ കുൽദീപ്, ചഹൽ എന്നിവരിൽ ഒരാൾക്ക് പുറത്തിരിക്കേണ്ടിവരും. സന്നാഹത്തിൽ ബാറ്രിംഗിലും ബൗളിംഗിലും തിളങ്ങിയ രവീന്ദ്ര ജഡേജ ആദ്യ ഇലവനിൽ ഇടംപിടിക്കാൻ സാധ്യതയേറെയാണ്.
തലവേദനയായ നാലാം നമ്പറിൽ കെ.എൽ.രാഹുൽ തന്നെ കളിച്ചേക്കും. ബംഗ്ലാദേശിനെതിരായ സന്നാഹത്തിൽ നാലാം നമ്പറിലിറങ്ങി സെഞ്ച്വറി നേടിയ രാഹുൽ ഫോമിലാണ്. ഓപ്പണിംഗിൽ രോഹിത് ശർമ്മ സന്നാഹത്തിലുൾപ്പെടെ നിറം മങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്സിൽ ഏറെനേരം ചെലവഴിച്ച് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ധോണിയുടെ പരിചയ സമ്പത്ത് വിക്കറ്റിന് പിന്നിലും മുന്നിലും ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്ന ഘടകമാണ്.
കഴിഞ്ഞ ദിവസം പരിശീലന ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലുള്ള ആരും വരാതിരുന്നതിനാൽ ടീമിന്റെ പത്രസമ്മേളനം മാദ്ധ്യമപ്രവർത്തകർ ബഹിഷ്കരിച്ചിരുന്നു. ഇന്നലെ നായകൻ കൊഹ്ലി തന്നെ മാദ്ധ്യമ പ്രവർത്തകരെ കാണാൻ എത്തി.
സാധ്യതാ ടീം: രോഹിത്, ധവാൻ, കൊഹ്ലി, രാഹുൽ, ധോണി, കേദാർ, ഹാർദ്ദിക്, ജഡേജ/ചഹാൽ, ഭുവനേശ്വർ/ഷമി, കുൽദീപ്, ബുംര.
ഉയിർത്തെഴുന്നേൽക്കാൻ
ദക്ഷിണാഫ്രിക്ക
തുടർച്ചയായ തോൽവിയും പ്രധാന ബൗളർമാരുടെ പരിക്കും വലയ്ക്കുന്ന ദക്ഷിണാഫ്രിക്ക പക്ഷേ വിജയത്തിൽക്കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ടൂർണമെന്റിൽ അവരുടെ നിലനില്പ് തന്നെ ഇന്നത്തെ മത്സരത്തെ ആശ്രയിച്ചാണുള്ളത്. പരിക്കിന്റെ പിടിയിലായിരുന്ന ഓപ്പണർ ഹഷിം അംല ഫിറ്റ്നസ് വീണ്ടെടുത്തത് ദക്ഷിണാഫ്രിക്കയ്ക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല. അംല ഓപ്പണിംഗിനിറങ്ങിനിറങ്ങിയാൽ മാർക്രം മദ്ധ്യനിരയിലേക്കിറങ്ങും. സ്റ്രെയിന് പകരം ടീമിലുൾപ്പെടുത്തിയ ഹെൻഡ്രിക്സ് ഇന്ന് രാവിലെ മാത്രമേ ടീമിനൊപ്പം ചേരൂ. അദ്ദേഹം ഇന്ന് കളിക്കാൻ സാധ്യതയില്ല.
സാധ്യതാ ടീം: ഡി കോക്ക്, അംല, ഡുപ്ലെസിസ്, ഡുസൻ, മാർക്രം, മില്ലർ, ഡുമിനി, പെഹുൽക്വാവോ, മോറിസ്, റബാഡ, താഹിർ.