isis

മുംബൈ: മുംബയിയുടെ ഭാഗമായ നവി മുംബയിൽ ഇസ്‌ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ കണ്ടെത്തി. സന്ദേശത്തിൽ ഇന്ത്യൻ ക്രിക്കറ്റർ എം.എസ് ധോണിയെക്കുറിച്ചും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെക്കുറിച്ചും പരാമർശമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിനെ പുകഴ്ത്തിക്കൊണ്ടാണ് സന്ദേശം. ഐസിസ് തലവനായ അബു ബക്കർ അൽ ബാഗ്‌ദാദിയുൾപ്പെടെയുള്ള ഭീകരവാദികളെക്കുറിച്ചും പറയുന്നുണ്ട്. നവി മുംബയിലെ ഉറാൻ എന്ന സ്ഥലത്തുള്ള ഖോപ്തെ പാലത്തിന്റെ തൂണുകൾക്കടിയിലാണ് സന്ദേശങ്ങൾ കണ്ടെത്തിയത്. ഐസിസിനായി പൊരുതുന്നവരെയും സന്ദേശത്തിൽ പ്രശംസിക്കുന്നുണ്ട്.

'ഞങ്ങൾ ഇവിടെ നിന്നും ലഭിക്കാവുന്ന എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ബിയർ ബോട്ടിലുകൾ, മഗ്ഗുകൾ, കുപ്പികൾ തുടങ്ങിയ വസ്തുക്കളാണ് ഞങ്ങൾക്ക് ഇവിടെ നിന്നും ലഭിച്ചത്. ഈ സ്ഥലങ്ങളിൽ ഇരുന്ന് യുവാക്കളും മറ്റും മദ്യപിച്ചിരുന്നതായും അവർ ലഹരി വസ്തുക്കൾ ഉപയോഗിച്ചതായും പ്രദേശവാസികൾ പറയുന്നുണ്ട്. ഈ സന്ദേശങ്ങൾ തൂണുകളിൽ ആരാണ് എഴുതിയതെന്നറിയാനുള്ള അന്വേഷണത്തിലാണ് ഞങ്ങൾ.' നവി മുംബയ് പൊലീസ് കമ്മീഷണറായ സഞ്ജയ് കുമാർ പറഞ്ഞു.

ഏറെ വിശദീകരിച്ചാണ് സന്ദേശങ്ങൾ എഴുതിയിട്ടുള്ളതെന്നും നവി മുംബയിലെ പ്രധാന സ്ഥലങ്ങളിൽ എപ്പോഴൊക്കെയും എങ്ങനെയൊക്കെയും ആക്രമണങ്ങൾ നടത്താമെന്നും സന്ദേശത്തിൽ പറയുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ധോണിയുടെയും കെജരിവാളിന്റെയും പേരുകൾ ചില കോഡുകൾ ആകാമെന്നും പൊലീസ് പറയുന്നുണ്ട്. പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഒ.എൻ.ജി.സി, ആയുധ നിർമ്മാണ ഫാക്ടറി, പവർ സ്റ്റേഷൻ എന്നിവ നവി മുംബയിൽ പ്രവർത്തിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എൻ.ഐ.എ, ഇന്റലിജൻസ് ബ്യുറോ എന്നിവർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. നവി മുംബയ് ക്രൈം ബ്രാഞ്ച് സംഘവും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സന്ദേശങ്ങൾക്കൊപ്പം സ്ഥലങ്ങളുടെ ഭൂപടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.