കൊച്ചി: കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിദ്യാർത്ഥിയുടെ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. രോഗിയുമായി നേരിട്ട് ഇടപെടവരുടെ ലിസ്റ്റ് തയ്യാറാക്കി വരുന്നുവെന്നും ഇതുവരെ അഞ്ച് പേർ ഐസൊലോഷൻ വാർഡിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതിൽ മൂന്ന് പേർ രോഗിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂർ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനായ മറ്റൊരു യുവാവുമാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല. അഞ്ച് പേരുടെയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും കെ.കെ. ഷൈലജ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയെന്നും കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സഹായത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നതെന്നും മന്ത്രി വിശദമാക്കി.