ശ്രീലങ്ക ഡക്വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാനെ കീഴടക്കി
ലങ്കയുടെ വിജയം 34 റൺസിന്
ഈ ലോകകപ്പിൽ ശ്രീലങ്കയുടെ ആദ്യജയം
അഫ്ഗാനിസ്ഥാന്റെ രണ്ടാം തോൽവി
കാർഡിഫ്: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയ്ക്ക് 34 റൺസിന്റെ വിജയം. ഇടയ്ക്ക് മഴ തടസപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 36.5 ഓവറിൽ 201റൺസിന് ആൾഔട്ടായി. തുടർന്ന് അഫ്ഗാന്റെ വിജയ ലക്ഷ്യം 41 ഓവറിൽ 187 റൺസായി പുനർനിശ്ചയിച്ചു. എന്നാൽ ലങ്കൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ചൂളിപ്പോയ അഫ്ഗാൻ 32.4 ഓവറിൽ 152 റൺസിന് ആൾൗട്ടാവുകയായിരുന്നു. ആദ്യ മത്സരത്തിൽ കളിക്കാൻ കഴിയാതിരുന്നതിന്റെ വിഷമം തീർത്ത ബൗളിംഗ് പ്രകടനത്തിലൂടെ നാല് വിക്കറ്റെടുത്ത നുവാൻ പ്രദീപാണ് അഫ്ഗാന്റെ അന്തകനായത്. മലിംഗ മൂന്ന് വിക്കറ്റുമായി അഫ്ഗാനെ തകർക്കാൻ പ്രധാന പങ്കുവഹിച്ചു.
43 റൺസെടുത്ത നജീബുള്ള സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്കോറർ. ഹസ്രത്തുള്ള സസായ് 30ഉം ക്യാപ്ടൻ ഗുൽബ്ദിൻ നയിബ് 23 റൺസുമെടുത്തു. മുഹമ്മദ് നബിയാണ്(11) ഇവരെക്കൂടാതെ രണ്ടക്കം കടന്ന മറ്റൊരു അഫ്ഗാൻ ബാറ്റ്്സ്മാൻ.
നേരത്തേ 4 വിക്കറ്റെടുത്ത മുഹമ്മദ് നബിയാണ് ലങ്കൻ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. ദ്വാലത്ത് സദ്രൻ, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി. 144/2 എന്ന നിലയിൽ നിന്നാണ് ശ്രീലങ്ക തകർന്നത്. ഓപ്പണർമാരായ കരുണാരത്നെയും (38), കുശാൽ പെരേരയും (78) ചേർന്ന് മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. ഇരുവരും ഒന്നാംവിക്കറ്റിൽ 13.1 ഓവറിൽ 92 റൺസ് കൂട്ടിച്ചേർത്തു.
കരുണാരത്നയെ നജീബുള്ള സദ്രന്റെ കൈയിൽ എത്തിച്ച് നബിയാണ് കൂട്ട്കെട്ട് പൊളിച്ചത്. പിന്നീടെത്തിയ തിരിമനെ (25) അല്പനേരം പിടിച്ച് നന്നെങ്കിലും നബിതന്നെ ക്ലീൻബൗൾഡാക്കി പറഞ്ഞുവിട്ടു. കുശാൽ മെൻഡിസിനെയും (2) നബി അധികം വൈകാതെ തിരിച്ചയച്ചു. റഹ്മത്ത് ഷായാണ് ക്യാച്ചെടുത്തത്.
ഇതോടെ ശ്രീലങ്കയുടെ തകർച്ച ആരംഭിക്കുകയായിരുന്നു. 81 പന്തിൽ 8 ഫോറുൾപ്പെടെയാണ് കുശാൽ 78 റൺസെടുത്തത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ തോറ്റ ലങ്കയ്ക്ക് ഈ ജയം ആശ്വാസമായി.അഫ്ഗാൻ കളിച്ച രണ്ട് മത്സരവും തോറ്റു.