chullikkaadu

കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനെ സോഷ്യൽ മീഡിയയിൽ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നടൻ സലിം കുമാർ. വഴിയരികിൽ ബോധമറ്റ് കിടന്ന മൃതപ്രായനായ തന്റെ സഹോദരൻ ചന്ദ്രൻകുട്ടി എന്ന ചുള്ളിക്കാട്ട് ജയചന്ദ്രനെ ഏറ്റെടുക്കാൻ തയാറല്ലെന്ന് കവി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിമർശിച്ചുകൊണ്ട് കുറേ പേർ രംഗത്തെത്തിയിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് സ്വന്തം സഹോദരനോട് കാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കണമെന്നുമായിരുന്നു ഇവരുടെ പരാതി. എന്നാൽ ഈ നിലപാട് ശരിയല്ലെന്നും പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ഏറെ ക്രൂരതകൾ പ്രവർത്തിച്ച ആളായിരുന്നു ചന്ദ്രൻകുട്ടിയെന്നുമാണ് സലിം കുമാർ ചൂണ്ടിക്കാട്ടിയത്.

'ഏതൊരു കഥയ്ക്കും ഒരു മറുപുറമുണ്ട്. സൗകര്യപൂർവ്വം മറക്കുന്നൊരു ഭൂതകാലമുണ്ട്. വീട്ടിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ട, ഉണ്ണാനോ ഉടുക്കാനോ ഇല്ലാതെ ദിവസങ്ങളോളം പട്ടിണി കിടന്ന, എന്തിനേറെ മരിച്ചു കിടക്കുന്ന അമ്മയ്ക്ക് ബലിയിടാൻ പോലും അനുവദിക്കാതെ വീട്ടുകാർ ഭ്രഷ്ട് കൽപ്പിച്ച, ബാലചന്ദ്രൻ ചുള്ളിക്കാടിനെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ ആകുന്നുണ്ടോ? സോഷ്യൽ മീഡിയ കൊല്ലാക്കൊല ചെയ്യുന്ന ഈ മനുഷ്യന് അങ്ങനെയൊരു ഭൂതകാലം പങ്കുവയ്ക്കാനുണ്ട്. അതിന്റെയെല്ലാം ഉത്തരവാദി നിങ്ങളീ പറയുന്ന മൃതപ്രായനായ മനുഷ്യനാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഇളയ സഹോദരൻ ജയചന്ദ്രൻ. അന്ന് ചുള്ളിക്കാടെന്ന മനുഷ്യൻ അനുഭവിച്ച് തീർത്ത സകല വേദനകൾക്കും ദുരനുഭവങ്ങൾക്കും മൂക സാക്ഷിയാണ് ഞാൻ. കത്തുന്ന ആ ഓർമ്മകൾ കണ്ണാടി പോലെ മുന്നിലുള്ളപ്പോൾ എനിക്ക് സത്യം വിളിച്ചു പറയാതിരിക്കാനാകില്ല.' സലിം കുമാർ പറയുന്നു.

അമ്മയുടെ മരണസമയത്ത് ബുദ്ധമതം സ്വീകരിച്ചു എന്ന കാരണം കൊണ്ട് കവിയെ അമ്മയുടെ മൃതദേഹം കാണിക്കാൻ പോലും സഹോദരൻ അനുവദിച്ചില്ലെന്നും, ചുള്ളിക്കാടിൽ നിന്നും അവകാശപ്പെട്ട സ്വത്തുക്കൾ ചന്ദ്രൻകുട്ടി കൈവശപ്പെടുത്തിയെന്നും സലിം കുമാർ ഓർക്കുന്നു. പറവൂരിലെ കോൺഗ്രസ് പ്രവർത്തകനായ രവീന്ദ്രൻ കൊല്ലപ്പെട്ടപ്പോഴും കുറ്റാരോപിതനായ ചന്ദ്രൻകുട്ടിയെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ എന്നാണ് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചതെന്നും, അങ്ങനെ കുറ്റം ചാർത്തിക്കിട്ടാൻ ആ മനുഷ്യൻ എന്ത് പിഴച്ചുവെന്നും സലിം കുമാർ ചോദിക്കുന്നു.

ചന്ദ്രൻകുട്ടിയുടെ അവസ്ഥയറിഞ്ഞ് താൻ പറവൂർ നഗരസഭാ ചെയർമാൻ രമേശ് കുറുപ്പിനെ താൻ ബന്ധപ്പെട്ടിരുന്നുവെന്നും സഹായവാഗ്ദാനം നൽകിയെന്നും സലിം കുമാർ പറഞ്ഞു. കൊടുങ്ങല്ലൂർ പുല്ലാട്ടുള്ള 'വെളിച്ചം' എന്ന അഗതി മന്ദിരത്തിലാണ് ചന്ദ്രൻകുട്ടി ഇപ്പോഴുള്ളതെന്നും വേണ്ട ചികിത്സ അദ്ദേഹത്തിന് ഇവിടെ ലഭിക്കുന്നുണ്ടെന്നും സലിം കുമാർ അറിയിച്ചു.