കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി അധികാരത്തിലെത്തി. ഭട്‌പര മുനിസിപ്പാലിറ്റിയുടെ ഭരണമാണ് ബി.ജെ.പി നേടിയത്. ലോകസ്ഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് ബംഗാളിൽ ബി.ജെ.പി ഈ നേട്ടം സ്വന്തമാക്കിയത്.
ഭട്പര നഗരസഭയിൽ ആകെ 35 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പി സ്ഥാനാർത്ഥിയായി നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച സൗരവ് സിംഗ് 26 വോട്ട് നേടിയാണ് വിജയിച്ചത് . ബാരക്‌പുറിലെ ബി.ജെ.പി എം.പി അർജുൻ സിംഗിന്റെ അനന്തരവനാണ് ഇദ്ദേഹം.
നാല് തവണ തൃണമൂൽ ടിക്കറ്റിൽ നിയമസഭയിലേക്ക് വിജയിച്ച അർജുൻ സിംഗ് ഇക്കുറി ബി.ജെ.പി സ്ഥാനാർത്ഥിയായാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. മുൻപ് ഭട്‌പര മുനിസിപ്പാലിറ്റി ചെയർമാനായിരുന്നു അർജുൻ സിംഗ്. നോർത്ത് 24 പർഗനാസ് ജില്ലയിൽ നൈഹാറ്റി, കാഞ്ചറപറ, ഹാലിസഹർ എന്നിവിടങ്ങളിലെ കൗൺസിലർമാരും ബി.ജെ.പിയിലേക്ക് കൂറുമാറിയിട്ടുണ്ട്. ഈ നഗരസഭകളിലും ബി.ജെ.പി ഉടൻ അധികാരത്തിലേറുമെന്നാണ് റിപ്പോർട്ടുകൾ.