modi-

തൃശൂർ: ജൂൺ എട്ടിന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമരപൂക്കൾ കൊണ്ട് തുലാഭാരം നടത്തുമെന്ന് റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന് നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ചില വഴിപാടുകളും നടത്തുമെന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ അറിയിച്ചു. തുലാഭാരമാണ് ഇതിൽ പ്രധാനം. താമരപ്പൂക്കൾ കൊണ്ടാകും മോദിക്ക് തുലാഭാരം നടത്തുക. താമരപ്പൂക്കൾ കൂടാതെ കദളിപ്പഴം കൊണ്ടും തുലാഭാരം നടത്താൻ സാദ്ധ്യതയുണ്ട്. എന്നാൽ അടുത്ത രണ്ടുദിവസത്തിനുള്ളി. മാത്രമേ ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂ.

വഴിപാടുകളെ സംബന്ധിച്ച് അന്തിമ നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിട്ടില്ല. നിർദേശം ലഭിച്ചാൽ മാത്രമേ ക്ഷേത്രം അധികൃതർ ഇത് സംബന്ധിച്ച് ഒരുക്കം ആരംഭിക്കൂ.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. ഇതിന് മുൻപ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തി വഴിപാടുകൾ നടത്തിയിരുന്നു. താമരപ്പൂക്കൾ, കദളിപ്പഴം എന്നിവ കൊണ്ടാണ് അന്ന് മോദിക്ക് തുലാഭാരം നടത്തിയത്.

പ്രധാനമന്ത്രി വരുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഗുരുവായൂരിൽ ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ എസ്.പി യതീഷ് ചന്ദ്ര ഗുരുവായൂരിർ സന്ദർശനം നടത്തിയിരുന്നു.


ജൂണ്‍ എട്ടിന് ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്ര ദര്‍ശനത്തിനായി മോദി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് ഗുരുവായൂർ സന്ദർശനം നടത്താനാണ് മോദി തീരുമാനിച്ചത്. ജൂൺ 17 മുതലാണ് ലോക്സഭാ സമ്മേളനം ആരംഭിക്കുക. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും മോദിക്കൊപ്പം ഗുരുവായൂരിലെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.