ഫ്ലോറിഡ: പാതിരാത്രി വീട്ടിൽ ഒരു ചീങ്കണ്ണി എത്തിയാൽ എങ്ങനെയിരിക്കും. അതറിയണമെങ്കിൽ 77കാരി മേരി വിഷൂസനോട് ചോദിക്കണം. അമേരിക്കയിലെ ഫ്ലോറിഡയിലെ തന്റെ വീട്ടിൽ രാത്രി സമാധാനമായി കിടന്നുറങ്ങുകയായിരുന്നു മേരി. സമയം ഏതാണ്ട് അർദ്ധരാത്രി. പെട്ടെന്നാണ് വീടിന്റെ അടുക്കള ഭാഗത്ത് ഒരു ഒച്ച കേട്ടത്.
കള്ളന്മാരാണെന്ന് കരുതി ഉറക്കമുണർന്ന് അടുക്കളയിൽ ചെന്ന് നോക്കിയ മേരി ഞെട്ടിത്തെറിച്ച് നിലവിളിക്കുകയായിരുന്നു. ഒരു ഭീമൻ ചീങ്കണ്ണിയായിരുന്നു മേരിയുടെ ഉറക്കം കെടുത്താൻ എത്തിയത്.
'ചീങ്കണ്ണിയുടെ വീട്ടിൽ ഞാൻ അതിക്രമിച്ച് കടന്നത് പോലെ ആയിരുന്നു അതെന്നെ തുറിച്ച് നോക്കിയത്. ഞാൻ ചെല്ലുമ്പോൾ അത് നിലത്ത് കിടക്കുകയായിരുന്നു. എന്റെ വൈൻ കുപ്പികളും ഫർണിച്ചറുകളും അത് തകർത്തു. അടുക്കള വാതിലിന് താഴെയുള്ള ചെറിയ വാതിലിലൂടെയാണ് അത് അകത്ത് കടന്നത്.' മേരി ഭീതിദത്തമായ ആ രാത്രിയെ കുറിച്ച് ഓർത്തു.
ചീങ്കണ്ണിയെ കണ്ടയുടനെ തന്നെ മേരി പോലീസിനെ വിളിച്ചുവെങ്കിലും അവർ എത്തിയപ്പോഴേക്കും ചീങ്കണ്ണി വീട്ടിലെ ഭൂരിഭാഗം വസ്തുക്കളും തകർത്തിരുന്നു. ഫ്രിഡ്ജ്, വില കൂടിയ പഴക്കമുള്ള വൈൻ, വീടിന്റെ ചുവര്, എന്നിവയാണ് ചീങ്കണ്ണിയുടെ വിളയാട്ടത്തിൽ തവിടുപൊടിയായത്. വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരാണ് അവസാനം ചീങ്കണ്ണിയെ 'തളച്ചത്'.
വന്യജീവി ഉദ്യോഗസ്ഥർ ജീവിയെ പിടികൂടുന്നതിന്റെ വീഡിയോ പോലീസുകാർ പങ്കുവെച്ചിട്ടുണ്ട്. താൻ പൊട്ടിച്ച വൈൻ കുപ്പികൾക്ക് ഇടയിൽ നിന്നുമാണ് ചീങ്കണ്ണിയെ ഉദ്യോഗസ്ഥർ പൊക്കിയത്. താഴെ കിടക്കുന്നത് വൈൻ ആണെന്നും, രക്തം അല്ലെന്നും വീഡിയോയോടൊപ്പം പൊലീസുകാർ പ്രത്യേകം കുറിച്ചിട്ടുണ്ട് .