നിപ്പ രോഗം വിഷയമാക്കുന്ന ആഷിഖ് അബുവിന്റെ 'വൈറസ്' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവതി. പെരിന്തൽമണ്ണ സ്വദേശിയായ അനുപമ ആനമങ്ങാടാണ് ആഷിഖ് അബുവിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രം റിലീസ് ചെയ്താൽ അത് പരിഭ്രാന്തി പരത്തുകയാണ് ചെയ്യുകയെന്നും, അതിന് പകരം ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും അനുപമ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ഇക്കാര്യം പറഞ്ഞത്.
'ഇപ്പോൾ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്. സിനിമയിൽ സ്വാഭാവികമായും ഉൾപ്പെടുത്തുന്ന വൈകാരികതയും രോഗബാധിതരുടെ ചുറ്റുപാടുകളും മറ്റും മറിച്ചൊരു ഇഫക്ട് ഉണ്ടാക്കിയേക്കില്ലേ?' എന്നാണ് അനുപമ ആശങ്കപ്പെടുന്നത്. മാത്രമല്ല സിനിമാ റീലീസുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ആൾക്കൂട്ടത്തിരക്കും ഒഴിവാക്കേണ്ടതാണെന്ന് യുവതി തന്റെ പോസ്റ്റിൽ പറയുന്നു.
അനുപമയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
'ആഷിക് അബുവിനോടും ടീമിനോടും ഒരു അഭ്യർത്ഥനയുണ്ട്. നിപ്പ ഭീതി വീണ്ടു പടരുന്ന സ്ഥിതിക്ക്, വൈറസ് മൂവീ റിലീസ് ഇപ്പോൾ ചെയ്യുന്നതിൽ ധാർമികമായ ഒരു പ്രശ്നമുണ്ടെന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നു. കയ്യിലുള്ള റിസോഴ്സസ് ആരോഗ്യ വകുപ്പിന്റെ കാമ്പെയ്നുകളെ സഹായിക്കാൻ ഉപയോഗപ്പെടുത്താൻ പറ്റുമെങ്കിൽ അതാവും ഉചിതം.
ഒന്നാമത്, ആൾക്കൂട്ടത്തിരക്ക് ഉണ്ടാക്കും വിധമുള്ള സിനിമാറിലീസുകളും മറ്റു പരിപാടികളും എല്ലാം തന്നെ തത്കാലം മാറ്റിവെക്കുന്നതാവും നല്ലത്. മറ്റൊന്ന്, സിനിമയിൽ കാണിക്കുന്ന പലതും കൂടുതൽ പരിഭ്രാന്തി പടർത്താനും കാരണമായേക്കും എന്ന് ആശങ്കയുണ്ട്.
ഇപ്പോൾ നമുക്കു വേണ്ടത് പരിഭ്രാന്തിയല്ല, ജാഗ്രതയാണ്. സിനിമയിൽ സ്വാഭാവികമായും ഉൾപ്പെടുത്തുന്ന വൈകാരികതയും രോഗബാധിതരുടെ ചുറ്റുപാടുകളും മറ്റും മറിച്ചൊരു ഇഫക്ട് ഉണ്ടാക്കിയേക്കില്ലേ?
I think it is ethical to postpone the movie release until we have this under control, and we will. I don't know if this request will reach them somehow; just putting it here, hoping I won't be the only one who feels this way.'