തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ പൊലീസുകാർ തലസ്ഥാനത്തെ തട്ടുകടക്കാരനെ മർദ്ദിച്ചെന്നും മ്യൂസിയം പൊലീസ് സംഭവം ഒതുക്കിത്തീർത്ത് പരാതിയില്ലെന്ന് എഴുതിവാങ്ങിയതായും ആക്ഷേപം. തിങ്കളാഴ്ച രാത്രി പത്തരയോടെ വെള്ളയമ്പലത്താണ് നാടകീയ സംഭവങ്ങൾ. മൂന്ന് ബൈക്കുകളിൽ എത്തിയ പൊലീസുകാർ ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിൽക്കുന്നതിനിടെ തട്ടുകടക്കാരനുമായി തർക്കമുണ്ടാവുകയും മർദ്ദനത്തിൽ കലാശിക്കുകയും ചെയ്തെന്നാണ് പരാതി. തട്ടുകടയിലെ സാധനങ്ങൾ ഇവർ വാരിവലിച്ചിട്ടു.
മ്യൂസിയം സ്റ്റേഷനിലെ പൊലീസുകാരാണ് തങ്ങളെന്നും തട്ടുകട പൂട്ടിക്കുമെന്ന് പറഞ്ഞെന്നുമാണ് കടയുടമയുടെ പരാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയും നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കട നടത്തണമെങ്കിൽ കേസുമായി മുന്നോട്ടുപോവരുതെന്ന് ആവശ്യപ്പെട്ടു. മർദ്ദനമേറ്റ കടയുടമ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെ പരാതിക്കാരനെ മ്യൂസിയം സ്റ്റേഷനിൽ വിളിച്ചുവരുത്തി ഒത്തുതീർപ്പുണ്ടാക്കി. പരാതിയില്ലെന്ന് എഴുതി വാങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ഒരു പൊലീസുകാരനും ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു.
എന്നാൽ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ചില പൊലീസുകാർ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. ദോശയിൽ ഒരു ബോൾട്ട് കിടന്നതിനെച്ചൊല്ലി ഇവരും കടയുടമയുമായി സംസാരമായി. പണം തരേണ്ടെന്നായിരുന്നു കടയുടമയുടെ മറുപടി. ഇങ്ങനെയായാൽ ഇവിടെ കട നടത്താൻ പറ്റില്ലെന്ന് പൊലീസുകാർ പറഞ്ഞതോടെ ഭയന്ന കടയുടമ പൊലീസിൽ പരാതി നൽകി. ഇന്നലെ പരാതിക്കാരനെ വിളിപ്പിച്ചു. കടയുടമ പരാതിയില്ലെന്ന് എഴുതിനൽകി. തട്ടുകട പൂട്ടിക്കുമെന്ന് പേടിച്ചാണ് പരാതി നൽകിയതെന്ന് കടയുടമ പറഞ്ഞു.