bjp-kerala

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ അഴിച്ചുപണി വൈകിയേക്കും. അമിത് ഷായ്ക്ക് പകരം അഖിലേന്ത്യാ അദ്ധ്യക്ഷപദവിയിലേക്ക് പുതിയ ആളെ തീരുമാനിക്കാനുള്ളതും ദേശീയതലത്തിലെ ബി.ജെ.പിയുടെ വിജയാഹ്ലാദത്തിന്റെ ഹാങോവറുമാണ് കേരള കാര്യത്തിൽ സാവകാശത്തിന് കാരണം. അതേസമയം വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബി.ജെ.പി നീക്കമാരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മൂന്നിടത്തും ബി.ജെ.പി പ്രതീക്ഷ വാനോളമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കോൺഗ്രസിലെ ശശി തരൂരിനെക്കാൾ 2836 വോട്ടിന്റെ കുറവേ രണ്ടാമതെത്തിയ കുമ്മനത്തിനുള്ളൂ. 50709 വോട്ടുകൾ അദ്ദേഹം നേടി. ശബരിമല സമരം ശക്തമായിരുന്ന കോന്നിയിൽ കെ. സുരേന്ദ്രൻ 46506 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. വീണാ ജോർജുമായി 440 വോട്ടിന്റെ വ്യത്യാസം. യു.ഡി.എഫുമായുള്ള വ്യത്യാസം 3161 വോട്ട്. മഞ്ചേശ്വരത്താകട്ടെ ജയിച്ച യു.ഡി.എഫിലെ രാജമോഹൻ ഉണ്ണിത്താനുമായി 11,113 വോട്ടിന്റെ വ്യത്യാസമുണ്ടെങ്കിലും രണ്ടാമതെത്തിയ ബി.ജെ.പി സ്ഥാനാർത്ഥി രവീശതന്ത്രി കുണ്ടാർ 57104 വോട്ട് നേടി. ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട അരൂരിലും പാലായിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ കാൽലക്ഷത്തിലേറെ വോട്ട് നേടിയിട്ടുണ്ടെങ്കിലും അത് പ്രത്യേക സാഹചര്യത്തിലാണ്. എറണാകുളത്ത് പതിനേഴായിരത്തിൽപ്പരം വോട്ടാണ് അൽഫോൺസ് കണ്ണന്താനത്തിന് നേടാനായത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാലും പ്രതികൂലമായാലും സംസ്ഥാന അദ്ധ്യക്ഷപദവിയിൽ നിന്ന് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മാറുമെന്ന് നേരത്തേ മുതൽ ശ്രുതിയുണ്ടായിരുന്നു. സ്ഥാനമൊഴിയാനുള്ള ആഗ്രഹം ശ്രീധരൻപിള്ളയും നേരത്തേ അഖിലേന്ത്യാ നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം. ശബരിമല വിവാദത്തിൽ പ്രത്യക്ഷസമരത്തിനിറങ്ങി ഉണ്ടാക്കിയ അനുകൂല സാഹചര്യത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ല. വോട്ട് ശതമാനത്തിൽ നേരിയ വർദ്ധന മാത്രമാണുണ്ടായത്. വലിയ പ്രതീക്ഷയർപ്പിച്ച തിരുവനന്തപുരത്തും പത്തനംതിട്ടയിലും തോൽവിയേറ്റുവാങ്ങി. ആർ.എസ്.എസ് സംസ്ഥാനനേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഗവർണർപദവിയിൽ നിന്ന് രാജി വയ്പിച്ച് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിക്കാൻ കേന്ദ്രനേതൃത്വം അയച്ചത് ജയമുറപ്പാക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് പക്ഷേ കുമ്മനം തോറ്റു. കല്യാൺസിംഗ് അടക്കം ഗവർണർപദവിയിലിരിക്കുന്ന പല നേതാക്കളും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഇളവ് ചോദിച്ചിട്ടും നൽകാതിരുന്ന അഖിലേന്ത്യാ നേതൃത്വം കുമ്മനത്തിന് മാത്രമാണ് ഇളവ് നൽകിയത്.

അതേസമയം, കുമ്മനത്തിന് അർഹമായ പരിഗണന നൽകണമെന്ന ആവശ്യത്തിൽ ആർ.എസ്.എസ് നേതൃത്വം അഖിലേന്ത്യാ ബി.ജെ.പി നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.