tankman

ബെയിജിംഗ്: ടിയാനൻമെൻ സ്‌ക്വയറിൽ നടന്ന അവകാശ സമരത്തിന് 30 വയസ് തികയുകയാണ്. എന്നാൽ ലോകം മുഴുവൻ ഭയത്തോടെ നോക്കിയിരുന്ന ആ സമരത്തിന്റെ വാർഷിക ദിനത്തിൽ ചൈനയിലെ ഒരു പത്രത്തിൽപ്പോലും ടിയാനൻമെൻ സ്‌ക്വയറിനെപ്പറ്റി ഒരു വാർത്ത പോലും ഇല്ല. രാജ്യത്ത് ആ അവകാശസമരത്തെപ്പറ്റിയുള്ള പരാമർശങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുകയാണ്.

ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു 1989ൽ നടന്ന ടിയാനൻമെൻ സ്‌ക്വയറിലെ പ്രക്ഷോഭം. 1989 ജൂൺ നാലിന് ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളുമാണ് ടിയാനൻമെൻ സ്‌ക്വയറിൽ തടിച്ചുകൂടിയത്. ഇവർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഏകദേശം 2600ഓളം പേർ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

ആ സംഭവത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെൻസി രംഗത്തെത്തിയിരുന്നു. അതൊരു ശരിയായ നടപടിയായിരുന്നെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. ലോകത്തെ മുഴുവൻ നടുക്കിയ ആ വെടിവയ്പ്പിന് മുപ്പത് വയസ് പിന്നിടുമ്പോൾ ഏവരും അന്വേഷിക്കുന്നത് ടാങ്ക്മാനെയാണ്. 1989 ജൂൺ അഞ്ചിന് സ്റ്റുവർട്ട് ഫ്രാങ്ക്‌ലിൻ എന്ന പത്ര ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിലൂടെയാണ് ടാങ്ക്മാനെ ആളുകൾ ശ്രദ്ധിക്കുന്നത്. ചിത്രത്തിന് ചാർലി കോൾ എന്ന ഫോട്ടഗ്രാഫറിന് 1990ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡ് ലഭിച്ചിരുന്നു.

ആരാണ് ടാങ്ക്മാൻ

ചൈനീസ് സൈന്യം ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതിന്റെ തൊട്ടടുത്ത ദിവസം അതായത് ജൂൺ അഞ്ചിന്, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടാങ്ക് പരേഡിനെ ആയുധമില്ലാതെ ഒറ്റയ്ക്കു നേരിടുന്ന 19 കാരനായ യുവാവ്. ആയാളെ പിന്നീട് ലോകം മുഴുവൻ ടാങ്ക്മാനെന്ന് വിളിച്ചു. ടാങ്കിനെ പോകാനനുവദിക്കാതെ തടഞ്ഞുനിർത്തിയ ആ 19കാരനെ ഒടുവിൽ രണ്ടുപേർ വലിച്ച് കൊണ്ടുപോകുന്നത് കണ്ടതായി ഫോട്ടോഗ്രാഫർ ഓർക്കുന്നു.

ടൈംമാഗസീന്റെ കവർ ചിത്രമായിപ്പോലും ടാങ്ക്മാൻ പ്രത്യക്ഷപ്പെട്ടു. അന്നു മുതൽ ലോകം മുഴുവൻ അറിയാൻ ശ്രമിക്കുന്ന കാര്യമാണ് ആരാണ് ആ 19കാരൻ? അയാൾ ജീവിച്ചിരിപ്പുണ്ടോ അതോ സൈന്യം കൊലപ്പെടുത്തിയോ?ഇന്നും ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.