കൊച്ചി: നിപക്കുള്ള പ്രത്യേക മരുന്ന് കൊച്ചിയിലെത്തിച്ചു. ഓസ്ട്രേലിയയിൽ നിന്നുള്ള മരുന്നുകളാണ് കൊച്ചിയിലെത്തിച്ചത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച അഞ്ചു പേരുടെ രക്ത സാമ്പിളുകളും ശരീര സ്രവവും ഇന്ന് പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേയ്ക്ക് പരിശോധനയ്ക്കയച്ചു. ഇവർ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് 311 പേരാണ് നിരീക്ഷണത്തിലുള്ളത്. നിപ ബാധിച്ച യുവാവിന്റെ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശെെലജ അറിയിച്ചു. ആശങ്കാപ്പെടാനില്ലെന്ന് ഡോക്ടർ അറിയിച്ചതായും മന്ത്രി പറഞ്ഞു.
സ്ഥിതി വിലയിരുത്താൻ ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നിരുന്നു. മന്ത്രി ഹർഷവർധൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. ഡൽഹിയിൽ നിന്ന് ആറംഗസംഘവും പുനെ ദേശീയ വൈറോളജി കേന്ദ്രത്തിൽ നിന്ന് രണ്ടു സംഘവും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. വൈറസ് ബാധ സംശയിക്കുന്നവരെ മുൻകൂട്ടി കണ്ടുപിടിക്കലും ഐസൊലേഷൻ സംവിധാനങ്ങൾ വിലയിരുത്തലുമാണ് കേന്ദ്രസംഘത്തിന്റെ ചുമതല.