ഇറ്റാനഗർ: അരുണാചൽപ്രദേശിൽ ചൈനാ അതിർത്തിക്കു സമീപം കാണാതായ വ്യോമസേനാ വിമാനത്തിൽ മലയാളിയും. കൊല്ലം അഞ്ചൽ സ്വദേശിയും വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഫ്‌ലൈറ്റ് എൻജിനീയറായ ഏരൂർ ആലഞ്ചേരി വിജയ വിലാസത്തിൽ (കൊച്ചു കോണത്ത് വീട്) അനൂപ് കുമാർ (29) ഉൾപ്പെടെ 13 സൈനികരെയാണ് കാണാതായത്.
11 വർഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുണ്ട്. അനൂപിന്റെ ബന്ധുക്കൾ അസമിലേക്ക് തിരിച്ചു. വിമാനത്തിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഐ.എസ്.ആർ.ഒ.യുടെ ഉപഗ്രഹങ്ങളും നാവികസേനാ ചാരവിമാനവും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
വിമാനം തകർന്നുവീണതിന്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു. മേഘങ്ങൾ നിറഞ്ഞ കാലാവസ്ഥയാണ് തിരച്ചിൽ ദുഷ്‌കരമാക്കുന്നത്. അസമിലെ ജോർഹട്ടിൽ നിന്ന് തിങ്കളാഴ്ച ഉച്ചക്ക് 12.30-ന് മെൻചുക അഡ്വാൻസ് ലാന്‍ഡിംഗ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എ.എൻ- 32 എന്ന വിമാനമാണ് കാണാതായത്.
ഐ.എസ്.ആർ.ഒ.യുടെ കാർട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനങ്ങളും സി.130ജെ സൂപ്പർ ഹെര്‍ക്കുലീസ് വിമാനങ്ങളും കരസേനയുടെ എം.ഐ. ഹെലികോപ്റ്ററുകളും തിങ്കളാഴ്ച മുതൽ തിരച്ചിൽ നടത്തുന്നുണ്ട്.