vattiyoorkavu

തിരുവനന്തപുരം: കെ. മുരളീധരൻ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചതോടെ വട്ടിയൂർക്കാവിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക്, സീറ്റിനായി കോൺഗ്രസിൽ പ്രാദേശികനേതാക്കൾ ചരടുവലി ശക്തമാക്കുന്നു. തലസ്ഥാന ജില്ലയിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരെത്തി സീറ്റുകൾ റാഞ്ചുന്നുവെന്ന ആക്ഷേപമുയർത്തി പ്രാദേശികവികാരം ഉയർത്തിവിടുകയും അതുവഴി കെ.പി.സി.സിക്കു മേൽ സമ്മർദ്ദം ശക്തമാക്കുകയുമാണ് തന്ത്രം. തിരുവനന്തപുരം പാർലമെന്റ് മണ്ഡലം ശശി തരൂരിന് സ്ഥിരമായി നൽകുന്നതും ആറ്റിങ്ങൽ ഇത്തവണ അടൂർപ്രകാശിന് കൈമാറിയതുമെല്ലാം തലസ്ഥാനത്തെ നേതാക്കളെ നേതൃത്വം തഴയുന്നതിന് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാനത്തെ പ്രശ്നങ്ങളിൽ വൈകാരികമായി ഇടപെടുന്നത് പ്രാദേശികനേതാക്കൾ മാത്രമായിട്ടും സ്ഥാനമാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നില്ലെന്നാണ് പരാതി.

വട്ടിയൂർക്കാവ് നോട്ടമിട്ട് നേതാക്കളുടെ പട തന്നെയാണ് രംഗത്ത്. മുൻ എം.എൽ.എയും ഡി.സി.സി മുൻ പ്രസിഡന്റും ഇപ്പോൾ മനുഷ്യാവകാശ കമ്മിഷൻ അംഗവുമായ കെ. മോഹൻകുമാർ, എൻ.എസ്.എസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ എൻ.എസ്.എസ് മേഖലാ കൺവീനർ കൂടിയായ ശാസ്തമംഗലം മോഹൻ, ഡി.സി.സി മുൻ പ്രസിഡന്റും മുൻ കൊല്ലം എം.പിയുമായ എൻ. പീതാംബരക്കുറുപ്പ്, കെ.പി.സി.സി ജനറൽസെക്രട്ടറി തമ്പാനൂർ രവി തുടങ്ങിയ പേരുകളാണ് ജില്ലയ്ക്കകത്ത് നിന്ന് സജീവമായി ചർച്ച ചെയ്യപ്പെടുന്നത്. ശബരിമല വിവാദത്തിൽ നാമജപസമരത്തിലടക്കം മുൻപന്തിയിൽ നിന്ന മേഖലയായതുകൊണ്ടുതന്നെ എൻ.എസ്.എസ് സ്വാധീനം മണ്ഡലത്തിൽ നിർണായകമാണ്. പ്രദേശത്തെ എൻ.എസ്.എസ് കരയോഗങ്ങളിൽ വ്യക്തിപരമായ സ്വാധീനമുള്ള ശാസ്തമംഗലം മോഹന്റെ പേര് സജീവമാകുന്നത് അതിനാലാണ്. വട്ടിയൂർക്കാവിന് മുമ്പുണ്ടായിരുന്ന തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ നിന്ന് ഒരുതവണ ജയിച്ചിട്ടുള്ള കെ. മോഹൻകുമാറിന് മണ്ഡലത്തിലുള്ള പരിചയവും അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇമേജുമാണ് പ്രധാന സ്വാധീനഘടകം. ദീർഘകാലം തലസ്ഥാനത്ത് ഡി.സി.സി പ്രസിഡന്റായിരുന്ന പീതാംബരക്കുറുപ്പിനും കാര്യമായ സ്വാധീനമുണ്ട്.

ജില്ലയ്ക്ക് പുറത്ത് നിന്നാകട്ടെ എ.ഐ.സി.സി സെക്രട്ടറി കൂടിയായ പി.സി. വിഷ്ണുനാഥ്, രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധേയയായ ജ്യോതി വിജയകുമാർ, തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും ശബരിമല വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി ശ്രദ്ധേയനുമായ പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയ പേരുകളുമുയരുന്നുണ്ട്. ഐ ഗ്രൂപ്പിനവകാശപ്പെട്ട സീറ്റാണെന്ന് വാദിച്ച് ഗ്രൂപ്പ് നേതൃത്വവും രംഗത്തുണ്ട്.

ഉപതിരഞ്ഞെടുപ്പ് കാര്യത്തിൽ തീരുമാനം ഇതുവരെയും ആയിട്ടില്ലെങ്കിലും സീറ്റ് മോഹികൾ ഇപ്പോഴേ കരുനീക്കങ്ങൾ ആരംഭിച്ചത് കെ.പി.സി.സി നേതൃത്വത്തിനും തലവേദനയാണ്. സ്ഥാനാർത്ഥിനിർണയം കെ. മുരളീധരന്റെ അഭിപ്രായം കേട്ടിട്ടാകും അന്തിമമായി നടത്തുകയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സൂചിപ്പിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എന്നിവരുടെ നിലപാടുകൾ സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകും.