-balabaskar

തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച സംഗീതജ്ഞൻ ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം. വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

സ്വർണക്കടത്തുകേസിൽ പ്രകാശൻ തമ്പിയുൾപ്പെടെയുള്ളവർ പ്രതികളായ സാഹചര്യത്തിൽ ഡി.ആർ.ഐ സംഘം ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശൻ തമ്പി അടക്കമുള്ളവരെ സംശയമുണ്ടെന്നും കൊലപാതകമാണോയെന്നു പരിശോധിക്കണമെന്നുമായിരുന്നു പിതാവിന്റെ പരാതി. പ്രകാശൻ തമ്പി സ്വർണക്കടത്തിൽ അറസ്റ്റിലായതോടെയാണ് മരണത്തിൽ വീണ്ടും സംശയമുണർന്നത്.

അപകടസമയത്ത് ബാലഭാസ്കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ സ്വർണക്കടത്തുകേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയുടെ കൈവശമാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇയാളെ ചോദ്യംചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തികകോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.

അപകടത്തിനുശേഷം വന്ന ഒരു ഫോൺകോളിനെ സംബന്ധിച്ചും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. മരണശേഷവും ബാലഭാസ്കറിന്റെ പലരേഖകളും ബന്ധുക്കൾക്ക് ലഭിക്കുന്നത് പ്രകാശൻ തമ്പിയും വിഷ്ണുവും തടയാൻ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു.