kaumudy-news-headlines

1. നിപ പ്രതിരോധത്തിനുള്ള പ്രത്യേക മരുന്ന് കൊച്ചിയില്‍ എത്തിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റിബോഡി ആണ് എത്തിച്ചത്. ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ സ്ഥിരീകരിച്ച പറവൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. അതിനാല്‍ മരുന്ന് ഉടന്‍ ഉപയോഗിച്ച് തുടങ്ങില്ല എന്നും ആരോഗ്യമന്ത്രി

2. നിപ വിശകലനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ കൊച്ചിയില്‍ അവലോകന യോഗം ചേരും. പനിബാധിതരായ അഞ്ച് പേര്‍ കളമശേരിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. അഞ്ച് പേരുടെ രക്തസാമ്പിളും ശരീര സ്രവവും ഇന്ന് പരിശോധനയ്ക്ക് അയക്കും. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും, മണിപ്പാല്‍ ആശുപത്രിയിലേക്കും, ആലപ്പുഴ വൈറോളജി ലാബിലേക്കുമാണ് സാംപിളുകള്‍ അയക്കുന്നത്. വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് നഴ്സുമാരും സുഹൃത്തും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 311 പേര്‍ മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉണ്ട്.
3. നിപ വൈറസ് പ്രതിരോധ നടപടികളും സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്ഥലങ്ങളും താമസിച്ച ഇടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി പ്രദേശവാസികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. നിപയുടെ ഉറവിടം ഇത് വരെയും കണ്ടെത്താനായിട്ടില്ല എന്നതാണ് നിലവില്‍ ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി. തൃശൂരിലും തൊടുപുഴയിലും വിശദമായ പരിശോധന നടത്തി കഴിഞ്ഞു. നിപയുടെ ഉറവിടം അവിടെയല്ല എന്നാണ് ഇടുക്കി, തൃശൂര്‍ ഡി.എം.ഒമാര്‍ വ്യക്തമാക്കുന്നത്.
4. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഭാര്യയും പിതാവും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം. പ്രകാശന്‍ തമ്പി മാനേജരല്ലെന്ന് ഭാര്യ ലക്ഷ്മി മൊഴി നല്‍കിയപ്പോള്‍ പ്രകാശന്‍ തമ്പി മാനേജര്‍ ആണെന്നും വിഷ്ണു സാമ്പത്തിക ഇടപാട് നടത്തിയ ആളാണെന്നുമാണ് പിതാവ് കെ.സി ഉണ്ണി നല്‍കിയ മൊഴി. ഇരുവരുടെയും മൊഴി തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച്
5. അപകടം നടന്ന് അല്‍പ്പസമയത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിനില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നു. റിമാന്‍ഡില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കൊച്ചിയിലെ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി മൂന്ന് ദിവസത്തിനുള്ളില്‍ പരിഗണിക്കും.
6. കാലവര്‍ഷം എത്തുന്നത് ഇനിയും വൈകിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ്. ഈ മാസം എട്ടാം തീയതിയോടെ ഇടവപ്പാതി എത്താന്‍ സാധ്യതയുള്ളൂ. സാധാരണ ജൂണ്‍ ഒന്നിന് തന്നെയാണ് സംസ്ഥാനത്ത് മഴ എത്തേണ്ടത്. അറബിക്കടലിന്റെ തെക്കേയറ്റം വരെ കാലവര്‍ഷ കാറ്റുകള്‍ എത്തിയിട്ടുണ്ട്. ഇത് വളരെ വേഗം ശ്രീലങ്കയിലും മാലിദ്വീപിലും മഴ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസിച്ചെത്തിയാലും നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ. വൈദ്യുതി ഉല്‍പാദനം, കൃഷി എന്നിവയ്ക്ക് പോലും വെള്ളം ഇല്ലാത്ത കടുത്ത വേനലാണ് കടന്നുപോകുന്നത്. അതിനാല്‍ വന്‍തോതില്‍ മഴ ലഭിച്ചാല്‍ മാത്രമേ സാമ്പത്തിക രംഗം മെച്ചപ്പെടൂ.
7. പി.ജെ. ജോസഫിനെ ചെയര്‍മാന്‍ ആക്കിയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല തള്ളിയ ജോസ്‌.െക മാണി പക്ഷം ബദല്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നീക്കം തുടങ്ങി. നടപടികളുടെ ആദ്യപടിയായി പാലായില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം ചേര്‍ന്നു. ഇരുപക്ഷവും വീണ്ടും നിലപാട് കടുപ്പിച്ചതോടെ ഇന്ന് കൊച്ചിയില്‍ ചേരാനിരുന്ന അനുരഞ്ജന ചര്‍ച്ചയും അനിശ്ചിതത്വത്തിലായി.
8. ജോസഫിന്റെ ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിക്കാന്‍ ജോസ്.കെ. മാണിയും കൂട്ടരും തയ്യാറായിട്ടില്ല. ഒത്തുപോകില്ലെന്ന് ഉറപ്പായതോടെ പിളര്‍പ്പ് ലക്ഷ്യം കണ്ടാണ് ഇരുപക്ഷത്തിന്റെയും കരുനീക്കങ്ങള്‍. ബദല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. പരമാവധി സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്ക് പുറമെ ജില്ലാ കമ്മിറ്റികളെയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങള്‍ തുടങ്ങി. ആദ്യപടിയായി പത്തനംതിട്ടയിലെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടന്നു
9. തര്‍ക്കം പരിഹരിക്കാന്‍ സമവായ ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് ഇരുപക്ഷവും ആവര്‍ത്തിക്കുമ്പോളും അതിനുള്ള സാധ്യതകള്‍ വിരളമാണ്. വര്‍ക്കിംഗ് ചെയര്‍മാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കട്ടെ എന്ന നിലപാടിലാണ് ജോസ് പക്ഷം. വിദേശ പര്യടനം കഴിഞ്ഞ് മോന്‍സ് ജോസഫും തിരിച്ചെത്തിയതോടെ ജോസഫ് പക്ഷവും നീക്കങ്ങള്‍ ഊര്‍ജിതമാക്കും. സമവായ ചര്‍ച്ചകളുടെ കാര്യത്തില്‍ മോന്‍സിന്റെ നിലപാടും നിര്‍ണായകമാകും
10. ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. റോസ്‌ബോള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. കിരീട പ്രതീക്ഷയുമായി ഇറങ്ങുന്ന ഇന്ത്യ വിജയ തുടക്കമാണ് ലക്ഷ്യമിടുന്നത്. കാത്തിരിപ്പിനൊടുവില്‍ കൊഹ്ലിയും കൂട്ടരും കളത്തില്‍ ഇറങ്ങുകയാണ്. സന്തുലിതമാണ് ടീം ഇന്ത്യ. ബാറ്റിംഗിലും ബൗളിംഗിലും ഒന്നിനൊന്ന് മികച്ചവര്‍. ക്യാപ്റ്റന്‍ കൊഹ്ലി മുന്നില്‍ നിന്ന് നയിക്കുന്ന ബാറ്റിംഗ്. ധവാനും രോഹിത്തും ധോണിയുമാകുമ്പോള്‍ ലോകോത്തരം. ആശങ്കകളില്ലാതെ പന്തേറുകാര്‍, ബൂംറ നയിക്കുന്നു. ഭുവിയും ഷമിയും കൂട്ടിന്. റിസ്റ്റ് സ്പിന്നര്‍മാരായ ചഹലും കുല്‍ദീപും മറ്റ് ടീമുകളില്‍ നിന്ന് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ സമ്മര്‍ദ്ദത്തിലാണ്. രണ്ട് മത്സരങ്ങളും തോറ്റിരിക്കുന്നു. ആദ്യ മത്സരത്തിന്റെ ചെറു സമ്മര്‍ദ്ദം ഇന്ത്യക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ണം. ഇനി കളത്തില്‍ കാണാം.