തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ഇടതുമുന്നണി നേരിട്ടത്. ഇതുസംബന്ധിച്ച് പത്തനംതിട്ടയിലെ പരാജയത്തിൽ സർക്കാരിനെ വിമർശിച്ചാണ് സി.പി.ഐയുടെ പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് അടുത്തിരുന്ന സാഹചര്യത്തിൽ ശബരിമല യുവതീപ്രവേശം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നാണ് വിമർശനം.
യുവതീ പ്രവേശനത്തിൽ കാണിച്ച തിടുക്കം ഒരു വിഭാഗം വോട്ടർമാറെ ഇടതുപക്ഷത്തിൽ നിന്ന് അകറ്റി. വനിതാമതിലിന്റെ അടുത്ത ദിവസം തന്നെ രണ്ട് യുവതികളെ ശബരിമലയിലേക്ക് പ്രവേശിപ്പിച്ചത് തിരിച്ചടിയായി. ഇത് ഒഴിവാക്കാമായിരുന്നു. ഒരു വിഭാഗം ഇത് പ്രചാരണത്തിനായി ഉപയോഗിച്ചപ്പോഴും ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നല്ല രീതിയിൽ പ്രവർത്തിച്ചിട്ടും മികച്ച സ്ഥാനാർത്ഥി അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും വിജയിക്കാനാകാത്തത് ശബരിമല പ്രതിഫലിച്ചതുകൊണ്ടാണെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് പ്രചരിപ്പിക്കുക വഴി കോൺഗ്രസിലേക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് പോയതും പരാജയത്തിന് കാരണമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞദിവസം ചേർന്ന സി.പി.ഐ ജില്ലാകമ്മറ്റിയോഗത്തിലെ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. ജില്ലാകമ്മറ്റി നൽകിയ പ്രാഥമിക റിപ്പോർട്ട് ഈമാസം ആറിന് ചേരുന്ന സംസ്ഥാന നിർവാഹക സമിതി ചർച്ചചെയ്യും.