thottappan-movie

അപ്പനെയാണോ അമ്മയെയാണോ ഇഷ്ടം എന്ന് കുട്ടികളോട് മാതാപിതാക്കൾ സ്ഥിരം ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ്. എന്നാൽ സാറയുടെ സ്നേഹം തൊട്ടപ്പനോടാണ്. തൊട്ടപ്പന് തിരിച്ചും. ഷാനവാസ് കെ. ബാവൂട്ടി സംവിധാനം ചെയ്ത് വിനായകൻ നായകനാകുന്ന തൊട്ടപ്പൻ കള്ളമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്. വളരെ ലളിതമായി എന്നാൽ സിനിമയുടെ വൈകാര്യത നഷ്ടപ്പെടാതെ അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമമാണ് തൊട്ടപ്പൻ.

thottappan-movie

കളവുണ്ട്, അത് സ്നേഹത്തിൽ ഇല്ല


കള്ളന്മാർക്ക് എന്തെങ്കിലും മൂല്യം ഉണ്ടോ? സത്യമുണ്ടോ? കുടുംബമുണ്ടോ? തൊട്ടപ്പനിലെ കള്ളന്മാർക്ക് ഇതൊക്കയുണ്ട്. സ്നേഹവും കളവുമായി കൂട്ടികുഴയ്ക്കാറുമില്ല. ഇത്താക്കും ജോണപ്പനും സുഹൃത്തുക്കളാണ്. സഹോദരന്മാരെ പോലെ എന്ന് പറയുന്നതാകും കൂടുതൽ ശരി. ഇരുവരും മോഷ്ടാക്കളാണ്. ഒരുമിച്ച് കക്കാനിറങ്ങി ലക്ഷ്യം നേടിയ ഒരു നാൾ ജോണപ്പൻ ഇത്താക്കിനോട് പറഞ്ഞു, അവനാണ് തന്റെ നവജാതശിശുവിന്റെ തൊട്ടപ്പനെന്ന്. ഇത്താക്കിന് എന്തെന്നില്ലാത്ത സന്തോഷമാണ്. തന്റെ പ്രണയിനിയെ സ്വന്തമാക്കാൻ അവസരമുണ്ടാകുമ്പോൾ പോലും ഇത്രയും അയാൾ സന്തോഷിച്ചിട്ടില്ല. തന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ തലേന്ന് ജോണപ്പന്റെ മോഷണവസ്തുവിന് നല്ല തുക പറഞ്ഞുറപ്പിച്ച് ഒരാൾ വിളിച്ചു കൊണ്ട് പോകുന്നു. പിന്നെ ജോണപ്പനെ ആരും കണ്ടിട്ടില്ല. ഇത്താക്കിന്റെ ലോകം അങ്ങനെ സാറയിലേക്ക് ചുരുങ്ങി. അവൾക്ക് വേണ്ടിയായി ജീവിതം. ഒരു അച്ഛനെ പോലെ, ഒരു പക്ഷെ അതിനേക്കാളേറെ. ആ കുരുന്നിന് വേണ്ടി തനിക്ക് സ്വന്തമായി വരുമായിരുന്ന കുടുംബജീവിതം അയാൾ ഉപേക്ഷിച്ചു. അത് പോലെ പലതും. അവളെ വളർത്തി വലുതാക്കി. സാറയ്ക്കും തൊട്ടപ്പൻ കഴി‌ഞ്ഞേയുള്ളു മറ്റാരും. അതിനി സ്വന്തം അപ്പൻ തിരിച്ചുവന്നാൽ കൂടി.

thottappan-movie

സാറ എന്ന ഇരട്ടച്ചങ്കത്തി

കള്ളൻ വളർത്തിയ സാറയ്ക്കും അല്പസ്വൽപം കളവുണ്ട്. തന്റേടമുള്ള പെണ്ണുമാണ്. ആരോട് മുട്ടിമടക്കാതെ നേർക്കുനേരെ നിൽക്കാൻ മനസുറപ്പുള്ളവൾ. ഒരുവേള തന്നെ മാനഭംഗം ചെയ്യാൻ ശ്രമിക്കുന്നവന് കണക്കിന് കൊടുക്കുന്നുണ്ട് സാറ. എന്നാൽ തൊട്ടപ്പനാണ് അവളുടെ എല്ലാമെല്ലാം. അയാൾ പറയുന്നതിനപ്പുറം ഒരു വാക്കില്ല. കഥയുടെ ഒരു ഘട്ടത്തിൽ രംഗപ്രവേശം ചെയ്യുന്ന ഇസ്മായിലുമായി സാറ പ്രണയിത്തിലാകുന്നു. അതും തൊട്ടപ്പന്റെ ഇഷ്ടത്തോടെ.

thottappan-movie

ഇസ്മായിൽ തൊട്ടപ്പന്റെയും സാറയുടെയും സ്നേഹം നേടുന്നത് ഉശിരും മനുഷ്യത്വം കൊണ്ടാണ്. കള്ളന്മാരാണെങ്കിലും ഇരുവർക്കും കള്ളമില്ലാത്ത ഒരു മനസുണ്ട്. ചില സന്ദർഭങ്ങളിലെ പ്രവൃത്തി കൊണ്ട് ഇസ്മായിലും അങ്ങനെ ഒരുവനാണെന്ന് അവർക്ക് വിശ്വാസമാകുന്നു. കഥയുടെ ഒടുക്കം അരങ്ങേറുന്ന ചില സംഭവവികാസങ്ങൾ മൂവരുടെയും ജീവിതത്തിൽ വഴിത്തിരിവാകുന്നു.

അഭിനയവും അണിയറയും


വിനായകൻ മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒന്നാണ്. തൊട്ടപ്പനിലെ ഇത്താക്ക് അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം. സാറയിലൂടെ പ്രിയംവദ എന്ന യുവനടിയെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നു. ആദ്യ സിനിമയാണെന്ന് തോന്നിക്കാത്ത വിധത്തിലുള്ള പ്രകടനം. ഇസ്മായിലായി റോഷൻ മാത്യൂസും തന്റെ റോൾ ഭംഗിയാക്കി. മനോജ് കെ. ജയൻ, മഞ്ചു സുനിച്ചൻ, ലാൽ, ദിലീഷ് പോത്തൻ തുടങ്ങി ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടന്മാർ വരെ നല്ല പ്രകടനം നടത്തി.

സുരേഷ് രാജന്റെ കാമറ മികച്ചതാണ്. പടത്തിന്റെ റിയലിസ്റ്റിക് ഫീൽ നിലനിറുത്തിയ പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഛായാഗ്രാഹണം.

thottappan-movie-review

സ്നേഹവും പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അത് വളരെ ലളിതമായി പറഞ്ഞു പോകുന്നുണ്ട് ഷാനവാസ്. ആദ്യാവസാനം പ്രേക്ഷകതാത്പര്യം ചോരാതെ നിറുത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എങ്കിലും ശരാശരിക്കും മുകളിൽ നിൽക്കുന്ന സിനിമയാണ് തൊട്ടപ്പൻ. തന്റെ ആദ്യസിനിമയായ കിസ്മത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഷാനവാസ് കെ. ബാവക്കുട്ടി. തൊട്ടപ്പൻ തീർച്ചയായും ഒരു തവണയെങ്കിലും തിയേറ്ററിൽ പോയി കാണാവുന്ന പടമാണ്. നടീനടന്മാരുടെ പ്രകടനവും മികച്ചു നിൽക്കുന്നു.

വാൽക്കഷണം: ഫീൽ ഗുഡിൽ യഥാർത്ഥ ജീവിതം ചേർത്തിട്ടുണ്ട്

റേറ്റിംഗ്: 3/5