balabhaskar

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് മിമിക്രി കലാകാരൻ കലാഭവൻ സോബി. ബാലബാസ്‌കറിന് അപകടം സംഭവിച്ച സ്ഥലത്ത് കണ്ടവരെ കുറിച്ചുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കെെമാറിയെന്നും സോബി പറഞ്ഞു. അപകടമരണമല്ലെന്നതിനുള്ള കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും മാദ്ധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങളും ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സോബി വ്യക്തമാക്കി.

എന്നാൽ, വെളിപ്പെടുത്തലിന് ശേഷം താൻ ഭീഷണി നേരിടുന്നുണ്ടെന്നും കൊച്ചിയിലെത്തിയ ശേഷം ബാക്കി വെളിപ്പെടുത്തലുണ്ടാകുമെന്നും സോബി പറഞ്ഞു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തൽ. ഇതിൽ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടയിലാണ് ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ സ്വർണക്കടത്ത് കേസിൽ പിടിയിലായത്. ഇതോടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് രം​ഗത്തെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തിയിരുന്നു