hareesh-perady

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. വ്യക്തിപരമായി തനിക്ക് നേട്ടമുണ്ടാക്കിയ ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, എന്നാൽ അതിന്റെ രാഷ്ട്രീയത്തോട് അന്നും ഇന്നും താൽപര്യമില്ലെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തിരഞ്ഞെടുപ്പിൽ ഇടുതുപക്ഷം പരാജയപ്പെട്ട് നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് തന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായെത്തിയതായിരുന്നു ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് LRL അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ... അതു കൊണ്ടു തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ... പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ ഇടുത്പക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാൻ വിശ്വസിക്കുന്നു... ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും " നിന്റെ തന്തയല്ലാ എന്റെ തന്താ ".... എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്കാരം...

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റന്റെ പൂർണ്ണരൂപം

ഏകാധിപന്മാർ, പല കൊടികൾക്ക് മുന്നിലും ശിരസ്സ് താഴ്ത്തി നിൽക്കുമെങ്കിലും, സ്വയം ഉണ്ടാക്കിയ നിയമാവലിയിലും സ്വന്തമായി കെട്ടിയുണ്ടാക്കിയ ധാരണാസമുച്ചയങ്ങളിലും മാത്രം ജീവിക്കും. അംഗബലവും ആയുധബലവും ഉപയോഗിച്ചുള്ള രാഷ്ട്രീയ അടിച്ചമർത്തലുകളിലൂടെ, അവർ താത്ക്കാലിക ജയങ്ങൾ കൊയ്യുമ്പോഴും സമൂഹമനസ്സ് എന്ന അവർക്ക് അപ്രാപ്യമായ ഗൂഢ ഉദ്യാനങ്ങളിൽ വിരിയുന്ന മുറിവേറ്റ ഓർമ്മയുടെ ഒരായിരം രക്‌തപുഷ്പങ്ങളെ കാണാതെയും തൊടാനാവാതെയും മുന്നേറും. ശക്തമായ അപായ സൂചനകളെ അവഗണിച്ചുകൊണ്ട് തന്നെയായിരിക്കും ഈ മുന്നേറ്റം.