ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(NEET) പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി നളിൻ ഖണ്ഡേവാൾ 720 ൽ 701 മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് പട്ടികയിലെ ആദ്യ 50 റാങ്കുകളിൽ കേരളത്തിൽ നിന്നുള്ള മൂന്ന് പേർ ഇടംപിടിച്ചു.
കേരളത്തിൽ നിന്നുള്ള അതുൽ മനോജ് 29ാം റാങ്ക് നേടി. കൂടാതെ ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിൻ വി.പി എന്നിവരാണ് ആദ്യം 50ൽ ഇടംപിടിച്ചത്. ഡൽഹിയിൽ നിന്നുള്ള ഭവിക് ബൻസാൽ, ഉത്തർപ്രദേശിൽ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാർത്ഥികൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
695 മാർക്ക് നേടി തെലങ്കാനയിൽ നിന്നുള്ള മാധുരി റെഡ്ഡി പെൺകുട്ടികളിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ ഏഴാം റാങ്കും നേടി. 14,10,755 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 7,97,042 വിദ്യാർത്ഥികൾ ഉന്നതപഠനത്തിന് അർഹത നേടി.