പാലക്കാട്: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് പാലക്കാട്ടെ പൂന്തോട്ടം ആയുർവേദ ആശുപത്രി അധികൃതർ. 15 വർഷമായി ബാലഭാസ്കറിന് പൂന്തോട്ടം ആയുർവേദ ആശുപത്രിയുമായി ബന്ധമുണ്ടെന്നും ഡോക്ടർ രവീന്ദ്രൻ പറഞ്ഞു.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്കാണ് സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൃത്യമായി അറിയുന്നത്. ബാലു പാലക്കാട് കുളക്കാട് 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇതിന്റ രേഖ എവിടെയെന്ന് വളരെ മോശമായ രീതിയിൽ ബാലുവിന്റെ അച്ഛൻ പബ്ലിക്കായി ചോദിച്ചു.
സാമ്പത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ഡോക്ടർ രവീന്ദ്രനും ഭാര്യയും മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങളുമായുള്ള ബാലഭാസ്ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളിൽ നിന്നും വ്യക്തമാവുന്നതെന്നും രവീന്ദ്രൻ വിശദമാക്കി.
ബാലഭാസ്കറിന്റെ അടുത്ത സുഹൃത്താണ് തമ്പിയെന്നറിയാം. ഒപ്പമുണ്ടായിരുന്ന അർജുനെ ചെറുപ്പം മുതൽ ബാലുവിന് അറിയാമെന്നും രവീന്ദ്രൻ പറഞ്ഞു. സ്ഥാപനം എന്ന രീതിയിൽ ബാലഭാസ്കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നൽകിയിട്ടുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
ബാലഭാസ്കറിന്റെ കയ്യിൽ നിന്ന് ആശുപത്രിയ്ക്കായി വാങ്ങിയ പണം തിരിച്ച് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ആശുപത്രി നിർമാണ പ്രവർത്തനം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്കർ പണം തന്നതെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു.