ചിലകാര്യങ്ങൾ നമ്മൾ പറഞ്ഞാൽ അതേപോലെ നടക്കാറുണ്ട്. അത്തരത്തിൽ പതിനാറാമത്തെ വയസിൽ താനെഴുതിയ ഒരു കഥയിൽ പറഞ്ഞകാര്യങ്ങൾ അതേപോലെ ബാലചന്ദ്ര മേനോന് ജീവിതത്തിൽ സംഭവിച്ചിരിക്കുകയാണ് . കഥയിലെ നായകന്റെ പേര് ബാലചന്ദ്രമേനോൻ എന്ന് തന്നെയായിരുന്നു. ആളൊരു സംവിധായകനായിരുന്നു. ആ കഥയിൽ പറഞ്ഞത് അറംപറ്റിയതുപോലെ ബാലചന്ദ്രമേനോൻ സംവിധായകനായി. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിൽ കൗമാരപ്രായത്തിലെ ഓർമ്മകൾ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അന്നത്തെ കോളേജ് മാഗസീനിൽ പങ്കുവച്ച കഥയുടെ ഏടും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
അറം പറ്റുക എന്നതിൽ വിശ്വാസമുണ്ടോ?വിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത് വായിക്കാം. ജീവിതത്തിൽ ഞാൻ ആദ്യമായി എഴുതിയ കഥയാണ് കാര്യം. പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ പ്രായമോ 16. ഞാൻ ഉടനെ ഒരു സിനിമ സംവിധാനം ചെയ്തില്ലെങ്കിൽ മലയാള സിനിമ നശിച്ചു നാമാവശേഷമാകും എന്ന് ഭ്രാന്തു പിടിച്ചു നടക്കുന്ന കോളേജ് ജീവിതം . ഈ ലോകത്തു എന്തു സംഭവിച്ചാലും ഞാൻ സിനിമ സംവിധാനം ചെയ്തിരിക്കും എന്ന് പ്രതികാര ബുദ്ധിയോടെ സഹപാഠികളോടും ഇലക്ട്രിക്ക് പോസ്റ്റുകളോടും പലയാവർത്തി വീമ്പിളക്കിക്കഴിഞ്ഞു ...കോളേജ് കുമാരന്റെ മട്ടും ഭാവവും ഓക്കേ. പക്ഷെ പത്തു പൈസേടെ വക പോക്കറ്റിൽ ഇല്ല.
ഇനി സ്വപ്നം സാക്ഷാൽക്കരിക്കാൻ ഒറ്റ മാർഗ്ഗമേയുള്ളൂ. ഭാവനയുടെ ലോകത്തു അഭിരമിക്കുക. അഞ്ചു പൈസ മുടക്കില്ല. എഴുതാൻ പേപ്പറും പേനയും തയ്യാർ. ഇനി, വിശാലമായിരുന്നെഴുതാൻ 'എന്റെ അച്ഛന്റെ റെയിൽ വണ്ടി' റെഡി. ഒഴിഞ്ഞു കിടന്ന ഏതോ റെയിൽ കംപാർട്മെന്റിലിരുന്നു രാജാവായി ഞാൻ എഴുതി എന്റെ ആദ്യകഥ .. കോളേജ് മാഗസിൻ എഡിറ്ററെ മണിയടിച്ചു മാഗസിനിൽ പ്രസിദ്ധീകരിച്ചു. പതിനാറാം വയസ്സിൽ ആദ്യത്തെ കഥ എഴുതി എന്നതല്ല ഇവിടെ പ്രസക്തം. ആ കഥയിൽ ഞാൻ എന്ത് ആഗ്ഗ്രഹിച്ചാണോ എഴുതിയത്, അത് ജീവിതത്തിൽ സത്യമായി ഭാവിച്ചു എന്നതാണ്. അമ്മയാണ് സത്യം!
പൗലോയുടെ 'ആൽക്കെമിസ്റ്റോ' അല്ലെങ്കിൽ 'ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതൊക്കെ അവനെന്നു തോന്നും 'എന്ന നാടൻ പ്രയോഗത്തെയോ നമുക്ക് ശരണം പ്രാപിക്കാം...ഇനി കഥയെ ശ്രദ്ധേയമാക്കുന്നു ചില പ്രധാന കാര്യങ്ങൾ ....കഥയിലെ നായകന്റെ പേര് ബാലചന്ദ്ര മേനോൻ (പദ്മശ്രീ ഒന്നും ഇല്ല ) പണി അല്ലെങ്കിൽ ജോലി .......സിനിമ സംവിധാനം ( ഭരത്, കേന്ദ്ര, സംസ്ഥാന അവാർഡുകൾ ഒന്നുമില്ല) പക്ഷെ കഥയിൽ പ്രത്യേകം പറയുന്നുണ്ട്, വെറും സംവിധായകനല്ല, കുടുംബ സംവിധായകനാണ് ....പ്രത്യേകിച്ചും സ്ത്രീകളെ ആകർഷിക്കുന്ന പ്രമേയങ്ങളിൽ താല്പര്യമുള്ള ആൾ ...പുതു മുഖങ്ങളെ അവതരിപ്പിക്കുന്നതിൽ ഔൽസുക്യം ഉള്ള സംവിധായകൻ... ഇപ്പോൾ അറം പറ്റി എന്ന് പറഞ്ഞാൽ വിശ്വസിച്ചൂടെ ? തീർന്നില്ല .... ആദ്യത്തെ കഥയിൽ ഇനീം ഉണ്ട് 'അറം പറ്റലുകൾ '...വരുന്ന വെള്ളിയാഴ്ച്ച വൈകിട്ട് ഏഴു മണിക്ക് . 'filmy Fridays' ൽ വിശദമായി.