death

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസാണ് മരിച്ചത്. ആംബുലൻസിൽ കിടന്നാണ് രോഗി മരിച്ചത്. ഉച്ചയ്ക്ക് 2.10ന് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല. കഴിഞ്ഞ രണ്ട് ദിവസമായി ജേക്കബിന് പനിയായിരുന്നു. ഇന്ന് ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

മെഡിക്കൽ കോളേജിൽ നിന്ന് കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. വീണ്ടും നാലുമണിക്ക് തിരിച്ച് മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ല. ഒടുവിൽ ആംബുലൻസിൽ കിടന്നാണ് രോഗി മരിച്ചത്.

ഉച്ചയ്ക്ക് അരമണിക്കൂറോളം ആശുപത്രിയിൽ കാത്തിരുന്നുവെന്നും, ബെഡില്ല വേറെ എവിടെയെങ്കിലും കൊണ്ടുപൊയ്‌ക്കോളാൻ ആശുപത്രി അധികൃതർ പറഞ്ഞുവെന്നും മകൾ റെനി പറഞ്ഞു. മരണം സ്ഥിരീകരിക്കാൻ പോലും ഡോക്‌ടർമാർ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു.