mamta-banerjee-

കൊൽക്കത്ത: ഈദ് ദിനത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി. വോട്ടിംഗ് യന്ത്രങ്ങൾ പിടിച്ചെടുത്ത് അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാരിന്റെ അന്ത്യവും വോട്ടിംഗ് യന്ത്രങ്ങൾ വഴി തന്നെയാകുമെന്ന് മമത ബാനർജി പറഞ്ഞു. ഈദ് സംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് മമതയുടെ പ്രസംഗം.

ഞങ്ങളോട് കളിക്കാൻ വരുന്നവരെ തകർത്തുകളയുമെന്നും മമത പറഞ്ഞു. ബി.ജെ.പി അധികാരം നിലനിറുത്തിയതിനെ സൂര്യോദയത്തോട് ഉപമിച്ചായിരുന്നു മമതയുടെ പ്രസംഗം. സൂര്യൻ ഉദിച്ചുവരുമ്പോൾ സൂര്യരശ്മികൾ രൂക്ഷമാകും. എന്നാൽ ഇത് പതിയെ അപ്രത്യക്ഷമായിക്കൊള്ളും. പേടിക്കേണ്ട കാര്യമില്ല, എത്രപെട്ടെന്നാണോ അവർ വോട്ടിംഗ് യന്ത്രങ്ങൾ പിടിച്ചടക്കിയത്, അത്ര പെട്ടെന്ന് തന്നെ അവർ ഇല്ലാതാവുകയും ചെയ്യും- മമത പറഞ്ഞു

അതേസമയം ബി.ജെ.പി മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തുന്നതായി തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യത്തിന്റെ ടി.ആർ.പി റേറ്റ് കുറഞ്ഞതുകൊണ്ടാണ് ബി.ജെ.പി 'ജയ് മഹാകാളി' എന്ന പുതിയ മുദ്രാവാക്യവുമായി രംഗത്തെത്തിയതെന്നും അഭിഷേക് ബാനർജി പരിഹസിച്ചു.