റിയാദ്: സൗദി രാജാവ് സൽമാൻ ബിൻ അബ്‌ദുൾ അസീസിനെ അപമാനിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സൗദിയിലെ ജെദ്ദയിൽ വെച്ച് നടന്ന ഇസ്‌ലാമിക് സഹകരണ സംഘടനയുടെ സമ്മേളനത്തിൽ വെച്ചാണ് സൗദി രാജാവിനെ അപമാനിക്കുന്ന തരത്തിൽ ഇമ്രാൻ ഖാൻ പെരുമാറിയത്. ഖാന്റെ പ്രവർത്തിയെ വിമർശിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
#ImranKhan's 'Acting Cool' is not Cool at all ...
— Raja Afaq Sarwar راجہ آفاق سرور (@mrgallian) June 1, 2019
He said something to HM King Salman Bin Abdulaziz, walked out & left the interpreter to translate for the King. This was insulting & breach of diplomatic norms, and because of this many important meetings were cancelled by Saudis. pic.twitter.com/ChPH2bmekw
സൗദി രാജാവിന്റെയും അദ്ദേഹത്തിന്റെ പരിഭാഷകന്റേയും അരികിലേക്ക് നടന്നടുക്കുന്ന ഇമ്രാൻ ഖാനെ രാജാവ് സ്വാഗതം ചെയ്യുന്നതും, ഇവർ തമ്മിൽ എന്തോ സംസാരിക്കുന്നതും, തുടർന്ന് ഇമ്രാൻ ഖാൻ പറഞ്ഞത് പരിഭാഷകൻ വിവരിക്കുന്നതിനിടയിൽ, മറുപടിക്ക് കാത്തുനിൽക്കാതെ രാജാവിനെ അവഗണിച്ച് ഇമ്രാൻ ഖാൻ ഇവരിൽ നിന്നും നടന്നകലുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ശരീരഭാഷയിലും സൗദി രാജാവിന് തെല്ലും ബഹുമാനം നൽകാത്ത രീതിയിലാണ് ഇമ്രാൻ ഖാൻ കാണപ്പെടുന്നത്.
ഇമ്രാന്റെ ഉദാസീനമായ ശരീരഭാഷയും സമീപനവും ഒട്ടും ഔചിത്യബോധം ഇല്ലാത്തതാണെന്നും, രാജാവിനെ അപമാനിക്കുകയാണ് ഇമ്രാൻ ഖാൻ ചെയ്തതെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിമർശനം. ഇമ്രാൻ ഖാന്റെ പ്രവൃത്തിയെ തുടർന്ന് സൗദിയും പാകിസ്ഥാനും തമ്മിൽ നടത്തേണ്ടിയിരുന്ന നയതന്ത്ര ചർച്ചകളിൽ നിന്നും സൗദി പിന്മാറിയതായി അറിയിച്ചിട്ടുണ്ട്. 57 മുസ്ലിം രാജ്യങ്ങളെ ഉൾകൊള്ളുന്ന കൂട്ടായ്മയാണ് ഇസ്‌ലാമിക് സഹകരണ സംഘടന.