സതാംപ്ടൺ: ലോകകപ്പിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയിക്കാൻ ടീം ഇന്ത്യക്ക് വേണ്ടത് 228 റൺസ്. ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് നേടിയത്..
ജസ്പ്രീത് ബൂമ്രയുടെയും യൂസ്വേന്ദ്ര ചഹലിന്റെയും ബൗളിംഗിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർക്ക് പിടിച്ചുനിൽക്കാനായില്ല. പത്തോവറിൽ 51 റൺസിന് നാലു വിക്കറ്റ് പിഴുത ചഹലാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ. എന്നാൽ പത്തോവറിൽ 35 റൺസിന് രണ്ട് വിക്കറ്റ് പിഴുത ബൂമ്രയാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. രണ്ട് ഓപ്പണർമാരെയും അഞ്ചാം ഓവറിനുള്ളിൽ മടക്കിയത് ബൂമ്രയാണ്. ഭുവനേശ്വർ കുമാർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. 34 പന്തിൽ നിന്ന് 42 റൺസെടുത്ത ക്രിസ് മോറിസാണ് ടോപ് സ്കോറർ.
ക്യാപ്റ്റൻ ഡൂ പ്ലെസി 54 പന്തിൽ നിന്ന് 38 ഉം ഡേവിഡ് മില്ലർ 40 പന്തിൽ നിന്ന് 31 ഉം ഫെഹ്ലുക്വായോ 61 പന്തിൽ നിന്ന് 34 ഉം വാൻ ഡെർ ഡുസ്സെൻ 37 പന്തിൽ നിന്ന് 22 ഉം റൺസെടുത്തു.