കൊച്ചി: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകൾ തുറക്കുന്നത് നീട്ടിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ജില്ലാകളക്ടർ. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. രോഗം വരാതിരിക്കാനും പടരാതിരിക്കാനും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കലക്ടറേറ്റിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി.
സംസ്ഥാനത്തെ സ്‌കൂളുകൾ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്‌ക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. തൃശൂർ ജില്ലയിലെ സ്കൂളുകളും നാളെ തന്നെ തുറക്കാൻ സാധിക്കുമെന്നാണ് ജില്ലയിൽ നിന്നുള്ള മന്ത്രിയായ എ.സി മൊയ്തീനും പറഞ്ഞു.
അതേസമയം, നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. യുവാവിന്റെ നില തൃപ്തികരമാണ്. ആരോഗ്യനിലയിൽ പുരോഗതി ഉളളതിനാൽ മരുന്ന് ഇപ്പോൾ ഉപയോഗിക്കില്ല. ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുളള അഞ്ചു പേരുടെ ആരോഗ്യനിലയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രി നാളെ അവലോകന യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.