കൊൽക്കത്ത: ബംഗാളിൽ ശ്രീരാമനെ പുകഴ്ത്തിക്കൊണ്ടുള്ള 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യത്തിന് ജനപ്രീതി കുറഞ്ഞുവെന്നും 'ജയ് മാ കാളി'യ്ക്കാണ് ഇപ്പോൾ ടി.ആർ.പി റേറ്റിങ് കൂടുതലെന്നും തൃണമൂൽ എം.എൽ.എ അഭിഷേക് ബാനർജി. ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി തിട്ടപ്പെടുത്തുന്നതിനുള്ള അളവുകോലാണ് ടി.ആർ.പി റേറ്റിംഗ്.
തന്റെ പ്രസ്താവനയിലൂടെ ബിജെ.പിയെയാണ് അഭിഷേക് ബാനർജി ലക്ഷ്യം വച്ചിരിക്കുന്നത്. 'ജയ് ശ്രീറാം' മുദ്രാവാക്യം ഉപയോഗിച്ചുകൊണ്ട് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അദ്ധ്യക്ഷയുമായ മമത ബാനർജിയുടെ നയങ്ങൾക്കെതിരെ ബി.ജെ.പി. വ്യാപകമായി വിമർശനം അഴിച്ചുവിട്ടിരുന്നു.
'ജനങ്ങൾ എന്നോട് പറഞ്ഞു, ജയ് ശ്രീറാമിനൊപ്പം ജയ് മാ കാളിയും മുദ്രാവാക്യമായി ഉപയോഗിക്കാൻ ദിലീപ് ഘോഷ്(സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ) അണികളോട് ആവശ്യപ്പെട്ടുവെന്ന്. ഞാൻ അവരോടു പറഞ്ഞു. മമത ബാനർജി ഇവിടെ ഉണ്ട്. അതുകൊണ്ടാണ് ശ്രീറാമിന്റെ ടി.ആർ.പി. താഴേക്ക് പോയതെന്നും, കാളിയുടെ റേറ്റിംഗ് ഉയർന്നതെന്നും.' അഭിഷേക് ബാനർജിയുടെ വാക്കുകൾ.
രാജ്യത്ത് തൊഴിലില്ലായ്മ ഉയരുമ്പോഴും കർഷകർ ആത്മഹത്യ ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജയ് ശ്രീറാം'എന്നാണ് ഉത്തരം നൽകുന്നതെന്നും 'ജയ് ഹിന്ദ്, ജയ് ബംഗ്ലാ, വന്ദേ മാതരം എന്നാണു തങ്ങളുടെ മുദ്രാവാക്യമെന്നും അഭിഷേക് പറഞ്ഞു.
ബി.ജെ.പിയും അതിന്റെ നേതാക്കളും ഗൂഢലക്ഷ്യം വെച്ചുകൊണ്ടാണ് 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നതെന്ന് മമത മുൻപ് വിമർശിച്ചിരുന്നു. കഴിഞ്ഞ മാസം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്റെ വാഹന വ്യൂഹത്തിനടുത്തേക്ക് 'ജയ് ശ്രീറാം വിളിച്ചുകൊണ്ടെത്തിയ ഏതാനും ബി.ജെ.പി അനുകൂലികളെ വണ്ടിയിൽ നിന്നും പുറത്തിറങ്ങി മമത ബാനർജി ശകാരിച്ചിരുന്നു.