vasanthkumar-

കന്യാകുമാരി:കോൺഗ്രസിനെ കുഴക്കി മോദി സ്തുതിയുമായി ഒരു നേതാവ് കൂടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് വിജയിച്ച എച്ച്. വസന്തകുമാറാണ് മോദി സർക്കാരിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

ലക്ഷദ്വീപിന് സമീപം കടലിൽ അകപ്പെട്ട 20 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചതിനായിരുന്നു വസന്തകുമാർ മോദി സർക്കാരിനെ പ്രശംസിച്ചത്.

തമിഴ്നാട്ടിൽ വസന്ത് ആൻഡ് കമ്പനി എന്ന പേരിൽ പ്രസിദ്ധമായ ഗൃഹോപകരണ വിതരണ ശൃംഖല ഇദ്ദേഹത്തിന്റേതാണ്. കോൺഗ്രസിന്റെ മുഖപത്രം എന്ന് കരുതപ്പെടുന്ന തമിഴ്‌നാട്ടിലെ വസന്ത് ടിവിയുടെ ഉടമയും ഇദ്ദേഹമാണ്.

തിരഞ്ഞെടുപ്പിൽ കേന്ദ്രസഹമന്ത്രിയായിരുന്ന ബി.ജെ.പിയുടെ പൊൻ രാധാകൃഷ്ണനെ രണ്ടര ലക്ഷം വോട്ടുകൾക്ക് പുറകിലാക്കിയാണ് വസന്തകുമാർ വിജയിച്ചത്. കൊച്ചിൻ ഹാർബറിലേക്ക് പോയ 20 മത്സ്യത്തൊഴിലാളികളടങ്ങിയ സംഘം ബോട്ടിന്റെ എ‍ൻജിൻ തകരാറിലായി കടലിൽ അകപ്പെട്ടപ്പോൾ വസന്തകുമാർ കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയും കരയ്ക്ക് എത്തിക്കുകയും ചെയ്തു.

സഹായത്തിന് നന്ദി പറയുകമാത്രമാണ് മാത്രമാണ് താൻ ചെയ്തതെന്നാണ് വിവാദത്തിൽ വസന്തകുമാറിന്റെ മറുപടി. എന്നാൽ കോൺഗ്രസ് എം.എൽ.എയും ആൾ ഇന്ത്യ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ എസ്.വിജയധരണി, വസന്തകുമാർ ബി.ജെ.പി സ‍ർക്കാരിനെ പ്രശംസിച്ചത് ശരിയായില്ലെന്ന് പറഞ്ഞു. "അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാൻ കേട്ടില്ല. എന്നാൽ അദ്ദേഹം പരിധി ലംഘിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ തമിളിസൈ സൗന്ദരരാജൻ എന്നുള്ളത് കൊണ്ട് തന്നെ ഇത് ദോഷകരമായി വ്യാഖ്യാനിക്കപ്പെടാമെന്നും അവർ വ്യക്തമാക്കി.