സീതാപൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിത്തന്നതിന് പീഡന കേസിലെ പ്രതിയായ ബി.ജെ.പി. എം.എൽ.എയോട് നന്ദി അറിയിച്ച് ബി.ജെ.പി. എം.പി സാക്ഷി മഹാരാജ്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് തടവ് ശിക്ഷ അനുഭവിക്കുന്ന ഉത്തർ പ്രദേശിലെ ഉന്നാവോയിൽ നിന്നുമുള്ള എം.എൽ.എ കുൽദീപ് സിംഗ് സെങ്കാറിനാണ് സാക്ഷി തന്റെ നന്ദി അറിയിച്ചത്.
'അദ്ദേഹം(സെങ്കാർ) ഏറെ നാളുകളായി അഴിക്കുള്ളിൽ കഴിയുകയാണ്. അദ്ദേഹത്തിനെ കാണുന്നതിനും തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി തന്നതിന് നന്ദി അറിയിക്കാനുമാണ് ഞാൻ എത്തിയത്.' സാക്ഷി മഹാരാജ് പറഞ്ഞു.
പെൺകുട്ടി തനിക്ക് ഒരു ജോലി ആവശ്യപ്പെടാൻ സെങ്കാറിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു പീഡിപ്പിച്ചതെന്നാണ് കേസ്.
തുടർന്ന്, തനിക്ക് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ പെൺകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്‌നൗവിലുള്ള വസതിക്ക് മുന്നിൽ വച്ച് ആത്മഹത്യ ചെയ്യാനും തുനിഞ്ഞിരുന്നു. പെൺകുട്ടിയുടെ അച്ഛൻ, സെങ്കാറിന്റെ അനുയായികളാൽ ക്രൂരമായി മർദ്ദിക്കപ്പെട്ടിരുന്നു. കത്വ പീഡനക്കേസും ഈ സംഭവവും അടുത്തടുത്ത സമയത്താണ് ഉണ്ടായത്.