ജയ്പ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെ നേതൃസ്ഥാനത്ത് നിന്നും നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ. കോൺഗ്രസ് നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നും അശോക് ഗെലോട്ടിന് ജനങ്ങളിൽ ഉള്ള സ്വാധീനം നഷ്ടപ്പെട്ടുവെന്നും തോഡാ ഭീമിൽ നിന്നുള്ള എം.എൽ.എ പൃത്വിരാജ് മീണ ചൂണ്ടിക്കാട്ടുന്നു.'ചെറുപ്പക്കാരനായ' പൈലറ്റിനാണ് രാജസ്ഥാനിൽ പാർട്ടിയെ രക്ഷിക്കാനാവുകയെന്നും മീണ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് സച്ചിൻ പൈലറ്റായിരുന്നു കോൺഗ്രസ് അധ്യക്ഷനെനും മീണ ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന് ഏതാനും ദിവസങ്ങൾക്കകം തന്നെ അശോക് ഗെലോട്ടിനെതിരെ കോൺഗ്രസ് പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. മകനെ ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിപ്പിച്ച ഗെലോട്ട് മറ്റ് പ്രചാരണ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെന്നും മകനെ ജയിപ്പിക്കാനാണ് തിടുക്കം കാട്ടിയതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ഗെലോട്ടിന്റെ മകൻ പരാജയപ്പെട്ടത് സച്ചിൻ കാരണമാണെന്നായിരുന്നു ഗെലോട്ടിന്റെ പക്ഷം.
കഴിഞ്ഞ ഡിസംബറിൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നിലവിൽ വന്നപ്പോൾ മുതൽ ഗെലോട്ടും പൈലറ്റും തമ്മിൽ ശത്രുത ആരംഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ താൻ കോൺഗ്രസിനെ വിജയിപ്പിച്ചെടുക്കും എന്ന് പാർട്ടിക്ക് വാഗ്‌ദാനം നൽകിയാണ് അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എന്നാൽ രാജസ്ഥാനിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിനായില്ല.