uthara-santhivanam

ശാന്തിവനത്തെ നശിപ്പിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനോട് അപേക്ഷിച്ച് പത്താം ക്ലാസുകാരി. എറണാകുളത്ത് പറവൂരിനടുത്തുള്ള, നിറയെ കുളങ്ങളും കാവുകളുമുള്ള ശാന്തിവനത്തിന് തന്റെ കുടുംബമാണ് പേരിട്ടതെന്നും പത്താം ക്ലാസിൽ പഠിക്കുന്ന ഉത്തര ശാന്തിവനം പറയുന്നുണ്ട്.

താൻ സ്റ്റേറ്റ് സിലബസിലാണ് പഠിക്കുന്നതെന്നും പരിസ്ഥിതിയെക്കുറിച്ച് ഇത്രയും അറിവ് നൽകുന്ന മറ്റൊരു സിലബസും ഇല്ലെന്നും പറയുന്ന ഉത്തര തനിക്ക് ഇപ്പോൾ കാണേണ്ടി വരുന്നത് പഠിച്ചതിന് വിപരീതമായ കാര്യങ്ങളാണെന്നും പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴി കത്തിന്റെ രൂപത്തിലാണ് ഈ കൗമാരക്കാരിയുടെ കത്ത്. ശാന്തിവനത്തിൽ ഇലക്ട്രിക്ക് ടവർ സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തെ എതിർത്തുകൊണ്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരയുടെ അപേക്ഷ.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തന്റെ പുരയിടത്തിന്റെയും വീടിന്റെയും ഉള്ളിലേക്ക് വന്ന് ഇലക്ട്രിക്ക് ലൈൻ സ്ഥാപിക്കാൻ ശ്രമം നടത്തുകയാണെന്നും മരങ്ങൾ നശിപ്പിച്ചുവെന്നും പോസ്റ്റിൽ പറയുന്നു. സ്‌കൂൾ തുറന്ന വേളയിൽ, പ്രകൃതിയെ കുറിച്ച് നല്ല പാഠങ്ങൾ പഠിക്കുമ്പോൾ തന്നെ അതിന് വിപരീതമായ കാര്യങ്ങൾ കണ്മുന്നിൽ കാണേണ്ടി വരുന്നത് സങ്കടകരമാണെന്നും തന്റെ മണ്ണിന് വേദനിക്കുന്നത് സഹിക്കാനാവുന്നില്ലെന്നും ഈ പെൺകുട്ടി പറയുന്നു.