reject-treatment

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയും കാരിത്താസ്, മാതാ ആശുപത്രികൾക്കെതിരെയുമാണ് കേസെടുത്തത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമാണ് കേസ്.

കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ഇന്നലെ മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ കിട്ടാതെ മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മ‍ൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്നലെ ഉത്തരവിട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നായിരുന്നു നിർദേശം.

എച്ച്‍ വൺ എൻ വൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്റിലേറ്റർ ഇല്ലാത്തതിനാൽ ആശുപത്രി അധികൃത‍ർ മടക്കിയയച്ചുവെന്നാണ് ആക്ഷേപം. എന്നാൽ, ഗുരുതരാവസ്ഥയിലുള്ള രോഗി ആംബുലൻസിലുള്ള കാര്യം മെഡിക്കൽ കോളേജിലെ പി.ആർ.ഒ ഡോക്ടർമാരെ അറിയിക്കാത്തത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.

ഡോക്ടർമാർ പുറത്തിറങ്ങി പരിശോധിക്കാത്തത് അവർക്ക് കൃത്യമായി വിവരം കിട്ടാത്തതിനാലാണെന്നും സൂപ്രണ്ട് വിശദീകരിച്ചു. രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെൻറിലേറ്റർ ലഭ്യമായില്ല. അതേസമയം, ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ ആശുപത്രി അധികൃതർ ഇന്ന് റിപ്പോർട്ട് നൽകും.