rajasthan

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ കോൺഗ്രസിന് തലവേദനയായി നേതാക്കളുടെ തമ്മിലടി. തോൽവിയുടെ ഉത്തരവാദിത്തമേറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവയ്‌ക്കണമെന്ന് നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് കോൺഗ്രസിലെ പടലപ്പിണക്കം പുറത്തായത്. അശോക് ഗെലോട്ടിന് ജനപിന്തുണ നഷ്‌ടപ്പെട്ടുവെന്നും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് മീണയാണ് പരസ്യമായി ആവശ്യപ്പെട്ടത്. യുവാവായ മുഖ്യമന്ത്രിക്ക് മാത്രമേ ഇനി സംസ്ഥാനത്തെയും കോൺഗ്രസിനെയും രക്ഷിക്കാനാകൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ സച്ചിൻ പൈലറ്റ് തന്നെ സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ അദ്ധ്യക്ഷനായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശോക് ഗെലോട്ടിന് ജാട്ട്, ഗുജ്ജാർ സമുദായക്കാരെ കൂടെ നിറുത്താൻ കഴിഞ്ഞില്ലെന്നും സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള ആദിവാസി വിഭാഗമായ മീണ സമുദായത്തിലെ അംഗമായ പൃഥിരാജ് ആരോപിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൻ വൈഭവ് ഗെലോട്ടിന്റെ തിരഞ്ഞെടുപ്പ് തോൽവിയുടെ സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്ന് അശോക് ഗെലോട്ട് ആവശ്യപ്പെട്ടത് വിവാദത്തിന് കാരണമായിരുന്നു. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ ജോധ്പൂരിലാണ് വൈഭവ് ഗെലോട്ട് തോറ്റത്. അഞ്ച് തവണ അശോക് ഗെലോട്ട് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ജോധ്പൂർ. തിരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങൾക്കെന്ന് ഗെലോട്ട് പറയുന്നു. ജോധ്പൂരിൽ വലിയ മാർജിനിൽ വിജയിക്കാനാകുമെന്നാണ് സച്ചിൻ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പക്ഷേ ഫലം വന്നപ്പോൾ തോറ്റു. തോൽവിയിൽ എനിക്കാണ് ഉത്തരവാദിത്വമെന്ന് ചിലർ പറയുന്നു. എന്നാൽ, പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ സച്ചിൻ പൈലറ്റിനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബറിൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നിലവിൽ വന്നപ്പോൾ മുതൽ ഗെലോട്ടും പൈലറ്റും തമ്മിൽ ശത്രുത ആരംഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ താൻ കോൺഗ്രസിനെ വിജയിപ്പിച്ചെടുക്കും എന്ന് പാർട്ടിക്ക് വാഗ്‌ദാനം നൽകിയാണ് അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എന്നാൽ രാജസ്ഥാനിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസിനായില്ല. ഇത് ഗെലോട്ടിന്റെ പ്രവർത്തനത്തിലെ വീഴ്‌ചയായാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. പുത്രന്മാരെ ജയിപ്പിക്കാൻ വേണ്ടി മാത്രമാണ് ചില കോൺഗ്രസുകാർ ശ്രമിച്ചതെന്നും മറ്റ് സീറ്റുകളിൽ അവർ ശ്രദ്ധിച്ചില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ തുറന്നടിക്കുകയും ചെയ്‌തിരുന്നു. മക്കൾക്ക് സീറ്റ് നൽകിയില്ലെങ്കിൽ തങ്ങൾ രാജിവയ്‌ക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയതായും രാഹുൽ പറഞ്ഞിരുന്നു.

അവസരം മുതലെടുക്കാൻ ബി.ജെ.പി

അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിനിടയിലെ തർക്കം മുതലെടുക്കാൻ ബി.ജെ.പി നേതൃത്വം ശ്രമം തുടങ്ങിയതായാണ് വിവരം. പാർട്ടിയിലെ അസംതൃപ്‌തരെ പുറത്തെത്തിക്കാനും സംസ്ഥാന സർക്കാരിനെതിരെ ജനവികാരം ഉയർത്താനും വേണ്ടി ബി.ജെ.പി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.