nipah
കളമശേരി മെഡിക്കൽ കോളേജിൽ നിപ വൈറസ് മുൻ കരുതലിനെ തുടർന്ന് പ്രത്യേക മാസ്‌ക് ധരിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ

തിരുവനന്തപുരം: നിപ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് പേർ നിരീക്ഷണത്തിൽ. കൊച്ചിയിൽ നിന്നെത്തിയ യുവാവിനെയും മറ്റൊരാളെയുമാണ് വിട്ടുമാറാത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്. ഇവരുടെ സ്രവ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള പരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ ചികിത്സയിലേക്ക് കടക്കൂ എന്നാണ് ആശുപത്രി അധികൃതർ നൽക്കുന്ന വിവരം. ഇപ്പോഴത്തേത് സ്വാഭാവിക നടപടി മാത്രമാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതേസമയം, നിപയെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണാവസ്ഥയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ നിപ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ ഇന്ന് സംസ്ഥാനത്ത് ഉന്നതതല യോഗം ചേരും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം കൊച്ചിയിലാണ് ചേരുക. ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തും.

പനി ബാധയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുള്ള അഞ്ചു പേരുടെ രക്ത സാംപിളുകളും സ്രവങ്ങളും പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇവയുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പ്രാഥമിക നിഗമനത്തിൽ പരിശോധന ഫലം ആശങ്കയ്ക്ക് വഴി വയ്ക്കുന്നതല്ലെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ചിരിക്കുന്ന സൂചന. നിപ ബാധിതനായ വിദ്യാർത്ഥിയെ പരിചരിച്ച മൂന്ന് നഴ്‌സുമാർ, യുവാവിന്റെ സുഹൃത്ത്, ചാലക്കുടി സ്വദേശികളടക്കം ആറു പേരുടെ രക്ത സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. പനിയടക്കമുള്ള ലക്ഷണങ്ങളെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഏഴാമന്റെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. നിലവിൽ 314 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്.