അന്ധേരി: മുംബയിൽ അന്ധേരിയിൽ സുഹൃത്തും അയാളുടെ റൂംമേയ്റ്റുകളും ചേർന്ന് ഒരു സ്വകാര്യ വിമാനക്കമ്പനിയിലെ എയർഹോസ്റ്റസിനെ പീഡിപ്പിച്ചു. ചൊവ്വാഴ്ച രാത്രി അന്ധേരിയിലെ ഗോണി നഗറിലുള്ള ഫ്ലാറ്റിൽ വച്ചാണ് 25 വയസുകാരിയായ എയർ ഹോസ്റ്റസിനെ ഇവരുടെ കൂട്ടുകാരനായിരുന്ന സ്വപ്‌നിൽ ബദോദിയയും കൂട്ടാളികളും ചേർന്ന് പീഡിപ്പിക്കുന്നത്.
സ്വപ്‌നിലും യുവതി ജോലി ചെയ്യുന്ന വിമാനകമ്പനിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഇരുവരും ഒന്നിച്ച് അത്താഴം കഴിച്ചിരുന്നു. അതിന് ശേഷം ഇവർ സ്വപ്‌നിലിന്റെ വീട്ടിൽ എത്തുകയും അൽപ്പം മദ്യപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാൾ സുഹൃത്തുക്കളെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തുന്നത്.
മദ്യത്തിന്റെ ലഹരിയിൽ മയങ്ങിപ്പോയ യുവതി രാവിലെ ഉറക്കമുണർന്നപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. തന്നെ യുവാക്കൾ ചേർന്ന് ഉപദ്രവിക്കുന്നത് തനിക്ക് ഓർമയുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് കാണിച്ച് അന്ധേരി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിട്ടുണ്ട്.
യുവതിയുടെ പരാതിയിൽ സ്വപ്‌നിലിനും കൂട്ടാളികൾക്കും എതിരെ പൊലീസ് കേസ് എടുക്കുകയും സ്വപ്‌നിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ കുറ്റം സമ്മതിച്ച സ്വപ്‌നിൽ പക്ഷെ, താൻ ഒറ്റയ്ക്കാണ് യുവതിയെ ഉപദ്രവിച്ചതെന്നും, കൂട്ടുകാർ ഇതിൽ പങ്കാളികളല്ലെന്നും പറഞ്ഞു. കോടതി ഇയാളെ ജൂൺ ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.