ലണ്ടൻ: ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ രാജ്യങ്ങളിലെത്തിയാൽ ശുദ്ധവായു ശ്വസിക്കാൻ കഴിയില്ലെന്ന് ട്രംപ് ആരോപിച്ചു. ഈ രാജ്യങ്ങളിൽ ശുദ്ധമായ വെള്ളമോ വായുവോ ഇല്ലെന്നും അതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇഗ്ലണ്ടിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ആരോപണം. കൂടാതെ പാരിസ് ഉടമ്പടിയേയും ട്രംപ് വിമർശിച്ചു. ഇത്തരം ഉടമ്പടികൾ ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാകുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതോടൊപ്പം അമേരിക്കയിലെ അന്തരീക്ഷം നല്ലതാണെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ആഗോള താപനത്തെ ചെറുക്കാനുള്ളതാണ് പാരിസ് ഉടമ്പടി.