കൊല്ലം: കൊല്ലം അഞ്ചലിൽ പ്രവേശനോത്സവത്തിന് പോകുന്നതിനിടയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്കും ഇവരുടെ അമ്മമാർക്കും പരിക്കേറ്റു. അഞ്ചൽ ഏറം ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളാണിവർ. സ്‌കൂളിന് രണ്ട് കിലോമീറ്റർ അകലെ വച്ച് ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെയും അമ്മമാരിൽ ഒരാളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ബാക്കിയുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് അപകടത്തെക്കുറിച്ച് പരിശോധന നടത്തുകയാണ്. അപകടമുണ്ടായ സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്ന് അഞ്ചൽ പൊലീസ് വ്യക്തമാക്കി.