nipah

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കയൊഴിയുന്നു. നിലവിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്ന ആറ് പേർക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. പൂനെയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച ഇവരുടെ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. രോഗം വലിയ അളവിൽ വ്യാപിച്ചിട്ടില്ലെന്ന് കരുതുന്നു. നിപ ഇനി വരില്ലെന്ന് പറയാൻ കഴിയില്ലെങ്കിലും നിലവിൽ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിപ ബാധിതനായ വിദ്യാർത്ഥിയെ പരിചരിച്ച മൂന്ന് നഴ്‌സുമാർ, യുവാവിന്റെ സുഹൃത്ത്, ചാലക്കുടി സ്വദേശികളടക്കം ആറു പേരുടെ രക്ത സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

നിപയുടെ മറവിൽ കേരളത്തിൽ മരുന്ന് പരീക്ഷണം നടക്കുകയാണെന്ന ആരോപണവും മന്ത്രി നിഷേധിച്ചു. നിപ വൈറസിന് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ തവണ നിപ ബാധയുണ്ടായപ്പോൾ ആസ്ട്രേലിയയിൽ നിന്ന് മരുന്ന് എത്തിച്ചിരുന്നു. എന്നാൽ ഇവ രോഗിയിൽ പ്രയോഗിച്ചിട്ടില്ല. ജീവൻ നഷ്‌ടമാകും എന്ന ഘട്ടത്തിൽ രോഗിയുടെ ബന്ധുക്കളുടെ അനുമതിയോടെ മാത്രമേ ഈ മരുന്ന് ഉപയോഗിക്കൂ. അതുകൊണ്ട് തന്നെ മരുന്ന് പരീക്ഷണമെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം,നിപ ബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പനി കുറഞ്ഞതായും ഭക്ഷണം കഴിക്കാനാകുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അതിനിടെ നിപ ഉറവിടം സംശയിക്കുന്ന മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ചെന്നൈയിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്. ഉറവിടം കണ്ടെത്താനുള്ള പരിശോധന, കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളിൽ ഇന്നും തുടരും. അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ നിപ വൈറസ് സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന പോസ്റ്റ് ഇട്ട മൂന്നു പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അവലോകന യോഗം ഇന്ന്

സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധയുടെ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ അവലോകന യോഗം ചേരും. വൈകിട്ട് മൂന്നിനാണ് യോഗം. ആരോഗ്യമന്ത്രി കെ.കെ ശൈലജ, ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, ഡോക്ടർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. വിവിധ തലത്തിലായി നടക്കുന്ന പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി വിലയിരുത്തും. ഇന്നു രാവിലെയും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

പരിശീലനം നൽകും
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ പരിശീലനം നൽകിവരികയാണ്. സ്കൂളുകൾ ഇന്ന് തുറക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം കർശനമാക്കി. അദ്ധ്യയനവർഷം തുടങ്ങുന്നതിനാൽ ഇന്ന് മുതൽ സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും സജീവമാക്കാനാണ് സർക്കാരിന്റെ ശ്രമം.