golden-temple

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ നടന്ന ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ 35ാം വാർഷികത്തിൽ സുവർണക്ഷേത്രത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു. ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിഖ് തീവ്രവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ ചിത്രം പതിച്ച ടീ ഷർട്ടുകൾ ധരിച്ചെത്തിയെ ആൾക്കാരാണ് ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ ഉയർത്തിയത്.

വാർഷികം സംബന്ധിച്ച് പഞ്ചാബിലെ സിഖ് സംഘടനയായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. പരിപാടിക്കിടയിലേക്ക് ഖാലിസ്ഥാൻ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഭിന്ദ്രൻവാല അനുകൂലികൾ എത്തുകയായിരുന്നു. 'ഖാലിസ്ഥാൻ സിന്ദാബാദ്' എന്നും വിളിച്ചുകൊണ്ടാണ് ഇവർ സംഘടനയുടെ പരിപാടിയിലേക്ക് അതിക്രമിച്ച് കയറുന്നത്. ഇതിനെത്തുടർന്ന് സംഘടനാ പ്രവർത്തകരും ഇവരും തമ്മിൽ സംഘർഷവും ഉണ്ടായി.

എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സംഘടനയുടെ പ്രവർത്തകർ സുവർണക്ഷേത്രത്തിന്റെ പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ താമസിച്ച് ദർശനം നടത്താൻ എത്തിയവരേയും ശിരോമണി പ്രവർത്തകർ പരിശോധിക്കുന്നുണ്ട്. ബ്ലൂസ്റ്റാർ ഓപ്പറേഷന്റെ വാർഷികത്തിൽ മൂവായിരത്തോളം സുരക്ഷാ ഭടന്മാരെയാണ് സുവർണക്ഷേത്രത്തിലും പഞ്ചാബിന്റെ വ്യത്യസ്ത ഭാഗങ്ങളിലുമായി കേന്ദ്ര സർക്കാർ വിന്യസിച്ചിരിക്കുന്നത്.

1984ൽ, ജൂൺ 6നാണ് സുവർണ്ണക്ഷേത്രത്തിൽ ബ്ലൂസ്റ്റാർ ഓപ്പറേഷൻ നടക്കുന്നത്. സുവർണ്ണക്ഷേത്രത്തിൽ ഒളിച്ചിരുന്ന, സിഖ് രാഷ്ട്രമായ ഖാലിസ്ഥാന് വേണ്ടി വാദിച്ചിരുന്ന തീവ്രവാദികളെ പിടികൂടാനായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയത്.